- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ സാൽഫോർഡ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡണ്ടാകാൻ മലയാളി വിദ്യാർത്ഥിയും; ഇംഗ്ലീഷുകാരോട് മാറ്റുരച്ച് മത്സരത്തിനു ഇറങ്ങിയതുകൊല്ലം കാരനായ ഋഷി പ്രേം
ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളിൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് ആരംഭിച്ചു. യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അതുപോലെ യൂണിവേഴ്സിറ്റികളുടെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിലുമൊക്കെ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് ബ്രിട്ടൻ യൂണിവേഴ്സിറ്റികളിലെ സ്റ്റുഡന്റ്സ് യൂണിയനുകൾ. വിദ്യാർത്ഥികൾക്ക് അനുകൂലമായ പല മാറ്റങ്ങൾ കൊണ്ടുവരുന്നതിലും ഇവർ നിർണ്ണായക പങ്കു വഹിക്കുന്നു.
ഇതുപോലെ വലിയ പ്രാധാന്യമുള്ള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ഇത്തവണ ഒരു മലയാളി വിദ്യാർത്ഥി മത്സരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലാണ് കൊല്ലം സ്വദേശിയായ ഋഷി പ്രേം മത്സരത്തിനിറങ്ങുന്നത്. ഗ്രെയ്റ്റർമാഞ്ചസ്റ്ററിലുള്ള സാൽഫോർഡ് യൂണിവേഴ്സിറ്റിക്ക് എന്നും വിദേശ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള ചരിത്രമാണുള്ളത്. ഇന്ത്യാക്കാരായ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുമുണ്ട്. എല്ലാവർഷവും ഇവിടെ ലഭിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 25 ശതമാനവും ഇന്ത്യാക്കാരുടേതാണെന്ന് പറയുമ്പോഴേ ഈ യൂണിവേഴ്സിറ്റിയും ഇന്ത്യയും തമ്മിലുള്ള ബന്ധം പൂർണ്ണമായും മനസ്സിലാവുകയുള്ളു.
ഇവിടെ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നിരവധി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഈ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ഋഷി പ്രേം മത്സരിക്കുന്നത്. മത്സര രംഗത്തുള്ള ഏക ഇന്ത്യാക്കാരൻ കൂടിയാണ് ഋഷി. ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ഋഷി പറയുന്നു.
2017-ൽ ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത ഋഷി ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് സാൽഫൊർഡിൽ സേഫ്റ്റി ഹെൽത്ത് ആൻഡ് എൻവിറോണ്മെന്റ് എം എസ് സി വിദ്യാർത്ഥിയാണ്. തിരുവനന്തപുരം സൈനിക് സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ ഋഷി, പ്രവർത്തനത്തിനായി ഒരു വോട്ട്, ക്ഷേമത്തിനായി ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്.
ചെലവ് കുറഞ്ഞ താമസ സൗകര്യം ഒരുക്കുക,ടയർ ടു ജോബ് വിസ പ്ലേസ്മെന്റ് സെൽ ആരംഭിക്കുക, സൗജന്യമായ കായിക പരിശീലനം, കൂടുതൽ സ്‌കോളർഷിപ്പുകളും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളും തുടങ്ങിയവയൊക്കെയാണ് ഋഷിയുടെതെരഞ്ഞെടുപ്പ് അജണ്ടയിലുള്ളത്. ഭൂരിഭാഗം വിദ്യാർത്ഥികളുടെയും ആവശ്യങ്ങളാണ് താൻ ഉന്നയിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികളുമായി അടുത്തിടപഴകിയതിലൂടെ താൻ മനസ്സിലാക്കിയ കാര്യങ്ങളാണിതൊക്കെയെന്നും ഋഷി പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 4 ന് ആരംഭിക്കുന്ന വോട്ടിങ് 8 ന് അവസാനിക്കും.
മറുനാടന് മലയാളി ബ്യൂറോ