ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ അംഗമായ പിറവം പൂഴിക്കുന്നേൽ ജോർജിന്റേയും സാറായുടേയും മകൻ മാത്യു, സെന്റ് വ്ളാഡിമിർസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വൈദീകപഠനം വിജയകരമായി പൂർത്തീകരിച്ച് മാർച്ച് 12 ശനിയാഴ്ച ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ വച്ച് ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമനസിൽ നിന്നും ശെമ്മാശപട്ടം സ്വീകരിക്കുന്നു.

രാവിലെ 7.30-ന് പ്രഭാത നമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകളിൽ അമേരിക്കയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വൈദീകർ, ശെമ്മാശന്മാർ, വൈദീക വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ സംബന്ധിക്കും.

കർത്താവിന്റെ മുന്തിരിത്തോപ്പിൽ ദൈവീക ശുശ്രൂഷയ്ക്കായി ശെമ്മാശപട്ടം സ്വീകരിക്കുന്ന മാത്യു പൂഴിക്കുന്നേലിനെ കത്തീഡ്രൽ വികാരി ഫാ. ജോർജ് ടി. ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടിയ മാനേജിങ് കമ്മിറ്റി പ്രാർത്ഥനാശംസകൾ നേർന്നു.

ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ജോർജി ഡാനിയേൽ (ട്രസ്റ്റി), ജിബു ജേക്കബ് (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജിബു (630 418 1787), ജോർജ് (847 571 7904). കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.