മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരാധർ എന്നും കാണാൻ കൊതിക്കുന്ന നേർക്കുനേർ പോരാട്ടമായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെയും ഷെയ്ൻ വോണിന്റെയും. ഇരുവരും നേർക്കുനേർ വരുമ്പോൾ അത് രണ്ട് ഇതിഹാസ താരങ്ങളുടെ ഏറ്റു മുട്ടൽ മാത്രമായിരുന്നില്ല ആരാധകർക്ക്. ഷാർജയിൽ സച്ചിൻ ഫ്രണ്ട് ഫൂട്ടിലിറങ്ങിവന്ന് തന്റെ തലക്ക് മുകളിലൂടെ സിക്‌സ് പറത്തുന്നത് സ്വപ്നം കണ്ട് താൻ ഞെട്ടി ഉണർന്നിട്ടുണ്ടെന്ന് ഒരിക്കൽ വോൺ പറഞ്ഞിട്ടുണ്ട്.

പരസ്പരമുള്ള പോരാട്ടങ്ങളിൽ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണുമൊത്തുള്ള നിമിഷങ്ങളെ ഓർത്തെടുത്താണ് സച്ചിൻ ഇതിഹാസ താരത്തിന് ആദരമർപ്പിച്ചത്.

മിസ് യു വോണി, നിങ്ങൾ ചുറ്റുമുണ്ടായിരുന്നപ്പോൾ ഗ്രൗണ്ടിലും പുറത്തും വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കളിക്കളത്തിന് പുറത്തെ പോർവിളികളും എക്കാലത്തും ആസ്വദിച്ചിരുന്നു. നിങ്ങളുടെ മനസിൽ ഇന്ത്യക്ക് എക്കാലത്തും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ ഇന്ത്യക്കാർക്കും നിങ്ങളെന്നും സ്‌പെഷൽ ആയിരിക്കും. വളരെ നേരത്തേ പോയി...എന്നായിരുന്നു സച്ചിന്റെ അനുസ്മരണം. ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയും വോണിനെ അനുസ്മരിച്ചു