വാരാണസി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തുടരവെ തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ്‌ഷോയ്ക്ക് മുൻപ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മാൽദാഹിയ റൗണ്ടാന മുതൽ ചൗക്ക് വരെയായിരുന്നു റോഡ്ഷോ. ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മോദി ആദ്യമായി റോഡ്ഷോ നടത്തിയതും ഇവിടെയാണ്. വാരാണസി ലോക്സഭാ മണ്ഡലത്തിനു കീഴിൽ രോഹാനിയ, വാരണാസി നോർത്ത്, വാരാണസി സൗത്ത്, വാരണാസി കന്റോൺമെന്റ്, സേവാപുരി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. മാർച്ച് 7നാണ് ഇവിടെ വോട്ടെടുപ്പ്.

യുപിയിലെ മിർസാപുരിലെ തിരഞ്ഞെടുപ്പ് റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 'എല്ലാ ദരിദ്രർക്കും സ്വന്തമായി വീടുണ്ടാകണമെന്നതാണ് എന്റെ ലക്ഷ്യം. സമാജ്വാദി പാർട്ടി (എസ്‌പി) മിർസാപുരിൽ ദരിദ്രർക്കായി 800 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ബിജെപി സർക്കാർ 28,000 വീടുകൾ നിർമ്മിച്ചു. എസ്‌പി അധികാരത്തിലിരുന്നപ്പോൾ യുപിയുടെ വികസനത്തിനായി ബിജെപി കൊണ്ടുവന്ന പദ്ധികൾക്ക് തടസ്സം സൃഷ്ടിച്ചു.' അദ്ദേഹം പറഞ്ഞു.