റാവൽപിണ്ടി: പാക്കിസ്ഥാനിൽ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യാന്തര മത്സരങ്ങൾ തിരികെയെത്തിക്കാനുള്ള പാക് ക്രിക്കറ്റ് ബോർഡിന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയിയായി ഭീകരാക്രമണം. പെഷവാറിലെ ഷിയാ മോസ്‌കിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം അനിശ്ചിതത്വത്തിലെന്ന് സൂചന.

പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം റാവൽപിണ്ടിയിൽ പുരോഗമിക്കുന്നതിനിടെയാണ് 200 കിലോമീറ്റർ മാത്രം അകലെ പെഷവാറിൽ ചാവേർ സ്‌ഫോടനമുണ്ടായത്. 45 പേർ മരിച്ച സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ നിലയുറപ്പിച്ച് മുന്നേറുന്നതിനിടെയാണ് പെഷവാറിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 50 ലധികം പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖിസ ക്വനി ബസാർ മേഖലയിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പത്ത് പേരുടെ നിലഗുരുതരമാണ്.

സ്‌ഫോടനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പരമ്പര ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം നിർണായകമാകും.

ഓസീസ് ടീം പാക്കിസ്ഥാനിൽ എത്തിയപ്പോൾ മുതൽ കനത്ത സുരക്ഷയാണ് നൽകുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനമെന്താകുമെന്ന് കണ്ടറിയണം. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസീസ് ടീം പാക്ക് മണ്ണിൽ പര്യടനത്തിനെത്തിയത്. 1998-ൽ മാർക്ക് ടെയ് ലറുടെ നേതൃത്വത്തിലാണ് ഓസീസ് ടീം ഒടുവിൽ പാക്കിസ്ഥാനിൽ കളിച്ചത്.

2009-ൽ ശ്രീലങ്കൻ ടീമിനെതിരേ കറാച്ചിയിലുണ്ടായ ആക്രമണത്തിന് ശേഷം പാക്ക് മണ്ണിൽ കളിക്കാൻ രാജ്യങ്ങളെല്ലാം വിസമ്മതിച്ചിരുന്നു. പിന്നീട് സിംബാബ്വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾക്കായി പാക്കിസ്ഥാൻ എത്തിയെങ്കിലും മറ്റ് പ്രമുഖ രാജ്യങ്ങളെല്ലാം വിട്ടുനിൽക്കുകയായിരുന്നു.

അടുത്തിടെ പരമ്പരയ്ക്കായി ന്യൂസിലൻഡ് ടീം പാക്കിസ്ഥാനിൽ എത്തിയ ശേഷം മത്സര ദിവസം പരമ്പര റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയത് പാക്ക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് ടീമിന്റെ പര്യടനത്തിന്റെ ആദ്യദിനം തന്നയുണ്ടായ ചാവേർ സ്‌ഫോടനം.

റാവൽപിണ്ടിയിൽ ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ പാക്കിസ്ഥാൻ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 245 റൺസെന്ന നിലയാണ്. ഓപ്പണർ ഇമാം ഉൾ ഹഖ് സെഞ്ചുറി നേടിയപ്പോൾ അഷർ അലി അർധ സെഞ്ചുറി പൂർത്തിയാക്കി. ഇരുവരും പുറത്താകാതെ ക്രീസിൽ നിൽക്കുന്നു.

പേരുകേട്ട ഓസീസ് പേസ് പടയ്ക്കെതിരെ റാവൽപിണ്ടിയിൽ ഗംഭീര തുടക്കമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യ വിക്കറ്റിൽ ഇമാം ഉൾ ഹഖിനെ കൂട്ടുപിടിച്ച് അബ്ദുള്ള ഷഫീഖ് 33.6 ഓവറിൽ 105 റൺസ് ചേർത്തു. സ്പിന്നർ നേഥൻ ലിയോണിനെ ഇറക്കിയാണ് പാറ്റ് കമ്മിൻസ് ബ്രേക്ക് ത്രൂ നേടിയത്. കമ്മിൻസിനായിരുന്നു ക്യാച്ച്. 105 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 44 റൺസെടുത്തു ഷഫീഖ്.

എന്നാൽ പിന്നീട് ഓസീസ് ബൗളർമാരെ നിഷ്പ്രഭമാക്കി പാക്കിസ്ഥാൻ റൺസ് കണ്ടെത്തുന്നതാണ് കണ്ടത്. താനടക്കം എട്ട് ബൗളർമാരെ കമ്മിൻസ് പരീക്ഷിച്ചിട്ടും രണ്ടാമതൊരു വിക്കറ്റ് വീണില്ല. തകർത്തുകളിച്ച ഇമാം ഉൾ ഹഖ് കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ അഷർ അലി 34-ാം ഫിഫ്റ്റി കണ്ടെത്തി. ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ഇമാം ഉൾ ഹഖ് 271 പന്തിൽ 132 റൺസും അഷർ അലി 165 പന്തിൽ 64 റൺസുമായും ക്രീസിൽ നിൽക്കുകയാണ്.