തൃശൂർ: തൃശൂർ സ്വദേശിയായ വിജി ജെയിംസിനും റെനിക്കും രണ്ടു മക്കൾ. ക്രിസ്റ്റിയനും സഹോദരി കാതറീനും, രണ്ടു പേരും പഠിക്കുന്നതാവട്ടെ യുക്രൈന്റെ രണ്ട് പ്രദേശങ്ങളിൽ. യുദ്ധ കാഹളം മുഴങ്ങിയതോടെ രണ്ടു പേരും രാജ്യത്തിന്റെ രണ്ടറ്റങ്ങളിലായി കുടുങ്ങി. മക്കളെ ഓർത്ത് വിലപിക്കാനല്ലാതെ തൃശൂരുള്ള മാതാപിതാക്കൾക്ക് ഒന്നിനും കഴിഞ്ഞില്ല. ക്രിസ്റ്റിയനും കാതറിനും ഫോണിൽ സംസാരിക്കുമെന്നല്ലാതെ പരസ്പരം കാണാനോ ഒരുമിക്കാനൊ കഴിഞ്ഞില്ല.

ആ സഹോദരങ്ങൾ. ദിവസവും വിഡിയോ കോളിൽ സംസാരിക്കും. സുരക്ഷിതമാണോ? ബോംബിങ് ഉണ്ടോ?, ഭക്ഷണം കിട്ടുന്നുണ്ടോ?, സൂക്ഷിക്കണേ.. എന്നുള്ള ഓർമപ്പെടുത്തലുകൾ പരസ്പരം സാന്ത്വനമായി നൽകും. ബോംബിങ് രൂക്ഷമായപ്പോൾ രണ്ടു പേരും രണ്ട് സ്ഥലങ്ങളിലൂടെ അതിർത്തി തേടി ഭയന്നോടി. എത്തിച്ചേർന്നത് ഒരേ രാജ്യത്ത്, ഒരേ നഗരത്തിൽ, അതും ഒരേ ഹോട്ടലിൽ !. വളരെ അപ്രതീക്ഷിതമായിരുന്നു ഈ സഹോദരങ്ങളുടെ കൂടിച്ചേരൽ.

രണ്ട് മക്കളും യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ പെട്ടുപോയതിന്റെ ആശങ്കയിലായിരുന്ന ചാലിശേരി മൂലേപ്പാട്ട് കൊള്ളന്നൂർ വീട്ടിലെ വിജി ജെയിംസും റെനിയും ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടതിന്റെ സന്തോഷത്തിലാണ്. മകൻ ക്രിസ്റ്റിയൻ ഒഡേസയിൽ, മകൾ കാതറീൻ ഹർകീവിൽ. ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഹോട്ടലിലാണ് സഹോദരങ്ങൾ ഒന്നിച്ചത്.

ജീവൻ തിരിച്ചുകിട്ടുമോയെന്നു ഭയന്നുപോയ നാളുകൾക്കപ്പുറം അപ്രതീക്ഷിത സംഗമം. ഒരുമിച്ചു വീട്ടിലേക്ക് വിഡിയോ കോൾ. ചാലിശേരിയിലെ വീട്ടിൽ ഇതുകണ്ട് വിജിക്കും റെനിക്കും സന്തോഷക്കണ്ണീർ.