- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി മാറിയാൽ കാലുമാറ്റക്കാരനാകുമോ? ലീഡോയുടെ കാലുമാറ്റം യുകെയിലെ മലയാളി രാഷ്ട്രീയപ്രവർത്തകർ കണ്ടു പഠിക്കേണ്ടത്; പാർട്ടി മാറിയെത്തിയ ലീഡോ ജില്ലാ കൗൺസിൽ പ്രസ്റ്റീജ് സീറ്റിൽ സ്ഥാനാർത്ഥി; 100 വോട്ടിൽ കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാൻ ആവേശം നിറച്ചു പ്രചരണ പടയോട്ടം
ലണ്ടൻ: പാർട്ടി മാറിയാൽ കാലുമാറ്റവും കൂറുമാറ്റവും ഒക്കെയായി വലിയ അപരാധമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ. കേരളത്തിൽ ആണെങ്കിൽ കുലംകുത്തിയെന്ന പുത്തൻ വിളിപ്പേരും യോഗമുണ്ടെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ രക്തസാക്ഷിയുമായി മാറാം. അടുത്തകാലത്തായി കാല് മാറ്റത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വന്നിരിക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെയാണെന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസുകാരനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധിയുടെ മുസ്ലിം പ്രീണന നയം തിരിച്ചടിയാകും എന്ന അഭിപ്രായത്തോടെയാണ് കോൺഗ്രസ് വിട്ടത്. ഒടുവിൽ വന്നെത്തി പെട്ടത് മോദിയുടെ കണ്ണിലും. അതോടെയാണ് ആരിഫ് മുഖമ്മദ് ഖാനെ കേരളത്തിൽ ഗവർണർ ആക്കി അയക്കുന്നതും. ചുരുക്കത്തിൽ പാർട്ടി മാറിയില്ലെങ്കിൽ കേരള ഗവർണർ ഇപ്പോൾ മുൻ മന്ത്രി എന്ന വിലാസവുമായി എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരിക്കേണ്ടി വരുമായിരുന്നു.
കാലുമാറുന്നത് അത്ര മോശം കാര്യമാണോ?
ഇപ്പോൾ യുകെ മലയാളികളുടെ ഇടയിലും ഒരു കാലുമാറ്റമാണ് ചർച്ചയാകുന്നത്. ഹണ്ടിങ്ങ്ടണിൽ നിന്നും വെറും 32 വയസിൽ പ്രാദേശിക കൗൺസിലിലും ജില്ലാ കൗൺസിലിലും ലേബർ പാർട്ടിക്കു വേണ്ടി അട്ടിമറി വിജയം സ്വന്തമാക്കിയ അങ്കമാലിക്കാരൻ യുവതുർക്കി ലീഡോ ജോർജാണ് ഏഴു വർഷം കഴിയുമ്പോൾ പ്രധാന എതിരാളിയായിരുന്ന കൺസർവേറ്റീവ് പക്ഷത്തു അതേ സീറ്റിൽ മറ്റൊരു വിജയം തേടിയിറങ്ങുന്നത്. കൺസർവേറ്റീവുകൾക്ക് ഇത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന തന്ത്രവും. എന്തായാലും കഴിഞ്ഞ തവണ നൂറു വോട്ടിനു കൈവിട്ട സീറ്റ് ലീഡോയെ ഇറക്കി വക്തിഗത വോട്ടുകൾ പിടിച്ചു തിരിച്ചുപിടിക്കാൻ സാധിക്കും എന്നതാണ് കൺസർവേറ്റീവ് തന്ത്രം. നിരവധി പേർ നോട്ടമിട്ട സീറ്റിനു ലീഡോയുടെ വ്യക്തിപ്രഭാവം നന്നായറിയുന്ന പാർട്ടി നേതൃത്വം കണ്ണടച്ച് പേര് നിർദ്ദേശിക്കുക ആയിരുന്നു.
പാർട്ടി വിശ്വാസം തെറ്റിക്കാതെ കഴിഞ്ഞ ദിവസം ഒരുപിടി ആളുകളെ അണിനിരത്തി തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനം തുടങ്ങാൻ ലീഡോക്ക് കഴിഞ്ഞതോടെ സീറ്റ് കയ്യിലെത്തി എന്ന വിശ്വാസത്തിലാണ് പാർട്ടിയുടെ മുന്നൊരുക്കങ്ങൾ. മറുവശത്താകട്ടെ, തങ്ങളുടെ തന്ത്രങ്ങൾ നന്നായറിയുന്ന ലീഡോ മറുഭാഗത്തു എത്തിയപ്പോൾ അഭിമാന പോരാട്ടം നടത്തി കൺസർവേറ്റീവുകൾ ഭരണം നടത്തുന്ന ജില്ലാ കൗൺസിലിൽ മറ്റൊരു അട്ടിമറി നടത്താനാകുമോ എന്ന അന്വേഷണമാണ് ലേബർ നടത്തുന്നത്. എന്നാൽ കൺസർവേറ്റിവുകൾ ജയിച്ചു കയറുന്ന കൗൺസിലിൽ ചെറുപ്പക്കാരനായ ലീഡോ ജയിച്ചെത്തിയാൽ വാർഡിന്റെ ആവശ്യങ്ങൾ ഒട്ടും പിന്നോക്കം പോകില്ല എന്നാണ് വോട്ടർമാരുടെ ചിന്തയും. അനേകം മലയാളികൾക്കും വോട്ടുള്ള ഹണ്ടിങ്ങ്ടൺ നോർത്തിലാണ് ലീഡോയുടെ മത്സരം എന്നതും ശ്രദ്ധേയം.
''എന്നും വലതു പക്ഷ വിശ്വാസത്തിൽ, കുടിയേറ്റക്കാർക്ക് ആശ്രയം ടോറികൾ തന്നെ ''
മെയ് ആദ്യ വാരം നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 2015 ൽ ഹണ്ടിങ്ടൺ പ്രാദേശിക കൗൺസിലിലും, ജില്ലാ കൗൺസിലിലും ഇരട്ട വിജയം സ്വന്തമാക്കിയ ആവേശവുമായാണ് ലീഡോ വീണ്ടും ഇറങുന്നത്. എന്തുകൊണ്ട് പാർട്ടി മാറി എന്ന ചോദ്യത്തിനും ലീഡോക്കു നല്ല ഉത്തരമുണ്ട്. കേരളത്തിൽ ആയിരുന്നപ്പോൾ ഐരാപുരം കോളേജിൽ കെ എസ്യു ചെയർമാൻ ആയിരുന്ന ലീഡോ എന്നും വലതുപക്ഷ വിശ്വാസത്തിനു ഒപ്പം തന്നെ ആയിരുന്നു. യുകെയിൽ എത്തിയപ്പോഴും രാഷ്ട്രീയ മോഹം ഉള്ളിൽ ഉണ്ടായിരുന്നെകിലും അന്നൊക്കെ കുടിയേറ്റക്കാരോട് സൗമ്യമായ നിലപട് എടുക്കുന്നത് ലേബർ പാർട്ടി ആണെന്ന പ്രചാരണമാണ് ലീഡോയെ ആശയം നോക്കാതെ ലേബർ പക്ഷത്തു എത്തിച്ചത്.
എന്നാൽ പാർട്ടിക്ക് അകത്തെത്തിയ ലീഡോക്കു ലേബർ പാർട്ടി പുറത്തു പറഞ്ഞു കേൾക്കുന്ന വിധത്തിൽ കുടിയേറ്റക്കാരുടെ വിഷയങ്ങളിൽ അനുകൂല നിലപാട് എടുക്കുന്നിലെന്നു വ്യക്തമായി. ഈ അവസരത്തിൽ തന്നെയാണ് ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി ആയ ഘട്ടം മുതൽ തികഞ്ഞ കുടിയേറ്റ പക്ഷത്തേക്കും ഇന്ത്യൻ അനുകൂല നിലപാടിലേക്കും കൺസർവേറ്റീവുകൾ എത്തുന്നത്. ഒടുവിൽ ബോറിസ് പക്ഷത്തു ഇന്ത്യൻ വംശക്കാരായ ഋഷി സുനാകും പ്രീതി പട്ടേലും നിർണായക റോളിൽ എത്തിയതോടെയുകെയിലെ ഇന്ത്യൻ മനസിന്റെ വ്യക്തമായ ചാഞ്ചാട്ടം കൺസർവേറ്റീവ് പക്ഷത്തേക്കായി എന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതാണ്. ഈ സാഹചര്യത്തിൽ ഒന്ന് രണ്ടു ഘട്ടങ്ങളിൽ കൺസർവേറ്റീവ് നേതൃത്വ്വവുമായി അടുത്തിടപഴകാൻ ലഭിച്ച അവസരത്തിൽ കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ പ്രശനങ്ങൾ കുറേക്കൂടെ വ്യക്തമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത് കൺസർവേറ്റീകൾക്കു ആണെന്ന് ലീഡോയ്ക്ക് ബോധ്യപെടുന്നതും.
ലേബറിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിക്കുന്നു, മലയാളികൾ പുത്തൻ മേച്ചിൽ പുറങ്ങളിൽ
കഴിഞ്ഞ ഹണ്ടിങ്ങ്ടൺ കൗണ്ടി സീറ്റിൽ ലേബർ വീണ്ടും ലീഡോയെ ഇറക്കിയെങ്കിലും പരാജയമായിരുന്നു ഫലം. ശക്തമായ പ്രവർത്തനം നടത്തിയിട്ടും ജയിച്ചു കയറാൻ പറ്റാതെ പോയത് രാജ്യത്തു മൊത്തം ക്ഷീണം നേരിടുന്ന ലേബറിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ വ്യക്തമായ തെളിവായി മാറുക ആയിരുന്നു എന്നാണ് ലീഡോ അടക്കമുള്ളവർ കരുതുന്നത്. ലേബറിന് വേണ്ടി കൗണ്ടി സീറ്റിൽ നാല് മലയാളികൾ കഴിഞ്ഞ വർഷം മത്സരിച്ചിരുന്നെകിലും ആർക്കും ജയിച്ചു കയറാനായിരുന്നില്ല. തോല്കുമെന്നുറപ്പുള്ള സീറ്റുകളാണ് ലേബറിൽ നിന്നും മലയാളികൾക്ക് നൽകുന്നതെന്ന് വോട്ടെണ്ണും മുൻപ് തന്നെ ആക്ഷേപം ഉണ്ടായിരുന്നതുമാണ്.
അതേസമയം ഇപ്പോൾ ലീഡോയ്ക്കു കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥിയാകാനുള്ള അഭിമുഖത്തിന് ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനാണ് അവസരം നൽകിയത്. എന്നാൽ ഈസി ആയി ജയിക്കാവുന്ന പല സീറ്റുകൾ ഉണ്ടായിട്ടും കഴിഞ്ഞ തവണ കൺസർവേറ്റിവുകൾക്കു നിസാര വോട്ടിനു നഷ്ടമായ സീറ്റ് പിടിചെടുക്കാം എന്ന ആത്മവിശ്വാസം നല്കിയയാണ് ലീഡോ ഹണ്ടിങ്ങ്ടൺ നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ സീറ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ പാർട്ടിയുടെ ശക്തയായ മേയർ സാരഥി തന്നെ മത്സരിച്ചു വെറും 102 വോട്ടിനു തോറ്റുപോയ ഞെട്ടൽ മറികടക്കാൻ ശക്തനായ സ്ഥാനാർത്ഥി വന്നേപറ്റൂ എന്ന ചിന്തയാണ് ലീഡോ സീറ്റ് ആവശ്യപ്പെട്ടപ്പോൾ പോരാട്ട ഭൂമി തന്നെ വിട്ടുനൽകാൻ പാർട്ടി തയ്യാറായതും. ഏകദേശം 2500 ലേറെ വോട്ടുകളാണ് കഴിഞ്ഞ തവണ ഇവിടെ പോൾ ചെയ്യപ്പെട്ടത്. പാർട്ടിക്ക് അഭിമാന പോരാട്ടം നല്കാൻ തയാറായ ലീഡോയുടെ ശ്രമത്തിനു കൺസർവേറ്റീവ് പാർട്ടി നേതൃത്വ നിര ശക്തമായ പിന്തുണയാണ് നൽകുന്നതും. ഇതോടെ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മലയാളികൾ കൺസർവേറ്റീവ് പാർട്ടിയിൽ എത്തിയാൽ നിരാശരാകേണ്ട എന്ന സൂചനയും ലീഡോ മുന്നോട്ടു വയ്ക്കുന്നു.
ഹണ്ടിങ്ടണിൽ നഴ്‌സിങ് ഏജൻസി നടത്തുന്ന ലീഡോക്കു മലയാളികൾക്കിടയിൽ മാത്രമല്ല പാക്കിസ്ഥാൻ വംശജർ ഉൾപ്പെടെ കുടിയേറ്റ സമൂഹത്തിൽ നിർണായക സ്വാധീനമാണുള്ളത്. ഹണ്ടിങ്ങ്ടൺ ഹോസ്പിറ്റലിൽ നഴ്സായ റാണിയാണ് ഭാര്യ. വിദ്യാർത്ഥികളായ നേഹ, അന്ന, അന്റോണിയോ എന്നിവർ മക്കളും. കഴിഞ്ഞ ആഴ്ച നാല്പതാം പിറന്നാൾ ആഘോഷം പോലും ഒരു തിരഞ്ഞെടുപ്പ് ഒരുക്കമായാണ് ലീഡോയുടെ സുഹൃത്തുക്കൾ മാറ്റിയത് . ഹായ് ഹണ്ടിങ്ങ്ടൺ മലയാളി അസോസിയേഷനും ഫുട്ബോൾ ടീമും മത്സരങ്ങളും ഒക്കെയായി ഈ പ്രദേശത്തെ മലയാളികളുടെ ഓരോ സ്പന്ദനത്തിനും ഊർജമാണ് ലീഡോ എന്നതും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു തിളക്കം കൂട്ടുന്നു.
ജയിച്ചെത്തിയാൽ ലീഡോ നേതൃത്വ സ്ഥാനത്തു എത്തിയേക്കാം
യുകെയിലെ പ്രധാന സമ്പന്ന നഗരം കൂടിയായ കേംബ്രിഡജിനോട് ചേർന്ന ഹണ്ടിങ്ങ്ടൺ കൗണ്ടി കൗൺസിൽ കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയാണ്. ഇവിടെ വിജയിക്കുക എന്നത് അത്ര പ്രയാസവുമല്ല. മുൻകാല രാഷ്ട്രീയ പ്രവർത്തന അനുഭവം മുതൽക്കൂട്ടാക്കി ജനങ്ങളെ നേരിട്ട് കാണുന്നതിലൂടെ തോറ്റ സീറ്റാണെങ്കിലും ജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് ലീഡോ മത്സരിക്കുന്നത്. കൗൺസിലിൽ മത്സരിച്ചപ്പോൾ എതിർപക്ഷത്തെ ശക്തനെ തന്നെ മലർത്തിയടിച്ചതു വഴി കൺസർവേറ്റിവുകൾ അന്നേ നോട്ടമിട്ടതാണ് ലീഡോയെ. എന്നാൽ വീട്ടുകാര്യങ്ങളിൽ അല്പം കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുകയും ജീവിക്കാനായി സംരംഭകന്റെ റോൾ എടുക്കുകയും ചെയ്ത ലീഡോ താൽക്കാലികമായി രാഷ്ട്രീയത്തിൽ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു.
തുടർന്നു കഴിഞ്ഞ വർഷം കോവിഡിൽ വിഷമിച്ച അനേകർക്കായി ഭക്ഷണം വിതരണം അടക്കമുള്ള കാര്യങ്ങളിൽ സജീവമായ ലീഡോയെ വീണ്ടും ലേബർ പാർട്ടി രഹസ്യമായി നിരീക്ഷിച്ചാണ് കഴിഞ്ഞ ഇലക്ഷനിൽ സ്ഥാനാർത്ഥിത്വം നൽകിയത്. എന്നാൽ ഒരു വർഷത്തിനകം മറ്റൊരു തിരഞ്ഞെടുപ്പ് എത്തിയപ്പോൾ മറുപക്ഷത്തെ കറുത്ത കുതിരയെ സ്വന്തമാക്കിയാണ് കൺസർവ്വേറ്റീവുകൾ സ്ഥാനാർത്ഥി നിര ശക്തമാക്കി തുടർഭരണത്തിനായി എത്തുന്നത്. ജയിച്ചു കയറിയാൽ ലീഡോയെ കാത്തിരിക്കുന്നതും മികച്ച പദവി തന്നെയായിരിക്കും.
കോവിഡ് ആഞ്ഞടിച്ചപ്പോൾ ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ അനേകം കോവിഡ് സഹായ കോളുകൾ സ്വീകരിച്ചു ലീഡോയാണ് സഹായം എത്തിച്ചത് .കോവിഡ് യാത്ര നിരോധനം ഉണ്ടായിട്ടു കൂടി വളണ്ടിയർ എന്ന തരത്തിൽ ഭക്ഷണകിറ്റുകൾ നല്കാൻ ലീഡോ ശ്രമിച്ചിരുന്നു. എപ്പോഴും കാറിന്റെ ബൂട്ടിൽ ഏതാനും കിറ്റുകൾ തയാറാക്കി യാത്ര ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബ്രാൻഡ് അംബാസിഡർ ഗ്രൂപ്പിലും സജീവമായ പ്രവർത്തനമാണ് നടത്തിയത്. പ്രാദേശികമായി പ്രവർത്തന സജ്ജമായ വാളന്ററ്റിയർമാരുടെ സംഘമാണ് ബ്രാൻഡ് അംബാസിഡർമാരായി യുകെയുടെ ഓരോ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നത്. ലീഡോയുടെ മികച്ച നേതൃത്വത്തിലാണ് ബ്രിട്ടീഷ് മലയാളി ഹണ്ടിങ്ങ്ടണിൽ ആറാമത് അവാർഡ് നൈറ്റ് സംഘടിപ്പിച്ചത്. ഏറ്റവും വലിയ ഹാളിൽ ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ചത് നടത്തിയ അവാർഡ് നൈറ്റ് എന്ന ഖ്യാതിയും അത്തവണ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. സേവന മനസോടെയുള്ള നേതൃത്വ ശേഷി എന്നതാണ് ലീഡോയെ മലയാളി സമൂഹത്തിലും പ്രിയങ്കരനാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ