ഷിക്കാഗോ: അമേരിക്കയിലെ എൻജിനീയർമാരുടെ കേന്ദ്ര സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎഇഐഒ), നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് സ്റ്റുഡന്റ്സ് ചാപ്റ്റർ, ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാർ ഉദ്ഘാടനം ചെയ്തു.

എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി കെല്ലോഗ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേറ്റ് ഡീൻ ഡോ. മേഹൻബിർ സ്വാനി മുഖ്യ പ്രഭാഷണം നടത്തി.

അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ ഒന്നായ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ തുടങ്ങിയ സ്റ്റുഡന്റ്സ് ചാപ്റ്ററിന് എല്ലാവിധ ആശംസകൾ നേരുകയും, ഇന്ത്യൻ സ്റ്റുഡന്റ്സ് എങ്ങനെ തങ്ങളുടെ കരിയറിൽ വിവിധ കമ്പനികളുടെ എക്സിക്യൂട്ടീവ് തലങ്ങളിൽ എത്താം എന്നതും, അതുപോലെ തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. മോഹൻബിർ സ്വാനി വിശദീകരിച്ചു.

യൂണിവേഴ്സിറ്റിയുടെ ആറ്റമിക് ആൻഡ് നാനോ ടെക്നോളജി ഫൗണ്ടിങ് ഡയറക്ടറായ ഡോ. വിനായക് ദ്രാവിഡ് തന്റെ പ്രസംഗത്തിൽ അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റി എൻജിനീയറിങ് വിദ്യാർത്ഥികളും, എഎഇഐഒയുടെ സഹകരണത്തോടെ ടെക്നോളജി കോമ്പറ്റീഷൻ നടത്താൻ പദ്ധതിയുള്ളതായി അറിയിച്ചു. യൂണിവേഴ്സിറ്റിയുടെ ക്ലിനിക്കൽ പ്രഫസറും, എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് സയൻസിൽ പ്രോഗ്രാം ഡയറക്ടറുമായ ഡോ. മാർക്ക് വെർവാത്ത് ഭാവിയിൽ എഎഇഐഒയും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വിവിധ പ്രൊജക്ടുകൾ നടത്തുമെന്ന് അറിയിച്ചു.

പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് ഈ നല്ല തുടക്കത്തിനുശേഷം മറ്റ് വിവിധ യൂണിവേഴ്സിറ്റികളായ പെർഡ്യൂ യൂണിവേഴ്സിറ്റി, ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോൺസിൻ എന്നിവടങ്ങളിൽ എൻജിനീയറിങ് സ്റ്റുഡന്റ്സ് ചാപ്റ്ററുകൾ തുടങ്ങുമെന്ന് അറിയിച്ചു. എഎഇഐഒ മെമ്പർഷിപ്പ് ചെയർമാൻ നാഗ് ജയ്സ്വാൾ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് പ്രസിഡന്റ് അസ്ഗർ അലി എന്നിവർ എൻജിനീയറിങ് വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പാനലിന് നേതൃത്വം നൽകി.