മോസ്‌കോ: യുക്രൈൻ പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള 'ഡേർട്ടി ബോംബ്' നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണെന്ന ആരോപണം ഉന്നയിച്ച് റഷ്യൻ മാധ്യമങ്ങൾ. അടച്ചുപൂട്ടിയ ചെർണോബിൽ ആണവനിലയത്തിലാണ് അണവായുധങ്ങൾ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പേര് വെളിപ്പെടുത്താത്ത വാർത്താ ശ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോർട്ടുകൾ.

2000ൽ അടച്ചുപൂട്ടിയ ചെർണോബിൽ ആണവനിലയത്തിലാണ് അണ്വായുധങ്ങൾ വികസിപ്പിക്കുന്നതെന്ന് റിയ, ഇന്റർഫാക്‌സ്, ടാസ്സ് തുടങ്ങിയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ആണവ ക്ലബ്ബിൽ വീണ്ടും ചേരാൻ പദ്ധതിയില്ലെന്ന് യുക്രെയ്ൻ സർക്കാർ അറിയിച്ചു. 1994ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ അണ്വായുധങ്ങൾ ഉപേക്ഷിക്കുകയായിരുന്നു

നേരത്തെ, അടിയന്തര സാഹചര്യമുണ്ടായാൽ അണവായുധങ്ങൾ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പ്രസിഡന്റ് പുടിൻ നിർദ്ദേശിച്ചിരുന്നു. തുടങ്ങിവച്ചാൽ ആണവായുധങ്ങൾ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാകുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലും അതിശക്തമായി തുടരുകയാണ്. റഷ്യയുടെ കനത്ത ആക്രമണമാണ് യുക്രൈൻ നഗരങ്ങളിൽ നടക്കുന്നത്. 1999-ൽ റഷ്യ ചെചൻ തലസ്ഥാനമായ ഗ്രോസ്നിയെ നിലംപരിശാക്കിയതിനെയാണ് യുക്രൈനിലെ ഇപ്പോഴത്തെ സൈനിക നടപടികൾ ഓർമിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

തെക്കൻ യുക്രെയ്‌നിലെ രണ്ടു നഗരങ്ങളിൽനിന്നു ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യ ശനിയാഴ്ച പകൽ 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ, 65 കിലോമീറ്റർ അകലെയുള്ള വൊൽനോവാക എന്നിവിടങ്ങളിലെ വെടിനിർത്തലിന്റെ സമയപരിധി ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 7.30ന് അവസാനിച്ചു. പ്രഖ്യാപനം പ്രഹസനമായിരുന്നെന്നും റഷ്യ ഷെല്ലാക്രമണം തുടർന്നതിനാൽ ആളുകളെ ഒഴിപ്പിക്കാനായില്ലെന്നും യുക്രെയ്ൻ പറഞ്ഞു. വൊൽനോവാകയിൽനിന്നു 400 പേരെ ഒഴിപ്പിച്ചതായും അറിയിച്ചു.

ആക്രമണം തുടങ്ങി 10 ദിവസത്തിനിടെ ആദ്യമായാണ് റഷ്യ താൽക്കാലികമായെങ്കിലും വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയ്ൻ സൈനികരുടെ ചെറുത്തുനിൽപ് തുടരുന്ന നഗരമാണു മരിയുപോൾ. വിമത നിയന്ത്രണത്തിലുള്ള ഡോനെറ്റ്‌സ്‌കിൽനിന്നു മരിയുപോളിലേക്കു കൂടുതൽ സൈന്യം എത്തുന്ന പാതയിലാണെന്നതിനാലാണ് വൊൽനോവാകയിലും വെടിനിർത്തൽ പ്രഖ്യാപിച്ചത്.

മരിയുപോളിൽനിന്ന് 2 ലക്ഷം പേരെയും വൊൽനോവാകയിൽനിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്. മരിയുപോളിൽ വെള്ളവും വൈദ്യുതിയും നിലച്ചു ജനങ്ങൾ ദുരിതത്തിലാണ്. പ്രശ്‌നപരിഹാരത്തിനായി റഷ്യയുക്രെയ്ൻ മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്ച നടക്കുമെന്ന് യുക്രെയ്ൻ ഭരണകക്ഷി നേതാവ് അറിയിച്ചു.

അതേ സമയം യുദ്ധം അവസാനിക്കണമെങ്കിൽ യുക്രൈൻ പോരാട്ടം നിർത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യയുടെ ആവശ്യങ്ങൾ യുക്രൈൻ അംഗീകരിക്കണമെന്നും തുർക്കി പ്രസിഡന്റ് എർദോഗനുമായള്ള സംഭാഷണത്തിൽ പുടിൻ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷൻ നടക്കുന്നത്. യാഥാർത്ഥ്യം ഉൾക്കൊണ്ട് ചർച്ചകളോട് യുക്രൈൻ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം വിന്നിറ്റ്‌സ്യ നഗരത്തിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈൻ ആരോപിച്ചു. എട്ട് മിസൈലുകൾ നഗരത്തിൽ പതിച്ചെന്നാണ് യുക്രൈൻ പറയുന്നത്. യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ ഉടൻ ഏർപ്പെടുത്തണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു.