കൊച്ചി: ആക്രമണത്തിന് ഇരയായ ശേഷം താൻ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും അപവാദ പ്രചരണങ്ങളെക്കുറിച്ചും തുറന്നു പ്രതികരിച്ച് അതിജീവിത. ഏറെ നാളത്തെ നിശബ്ദത വെടിഞ്ഞാണ് താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. താൻ ഇരയല്ല അതിജീവിതയാണെന്ന് നടി വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരമാെരു പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ധൈര്യം ലഭിച്ചതെന്ന് വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത് 'വി ദ വുമൻ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തിയ 'ഗ്ലോബൽ ടൗൺ ഹാൾ' പരിപാടിയിൽ തുറന്നുപറഞ്ഞു.

കോടതിയിലെ വിചാരണ ദിവസങ്ങളാണ് താൻ ഇരയല്ല അതിജീവിതയാണെന്ന ബോധ്യം തന്നിലുണ്ടാക്കിയത്. 2020 ൽ വിചാരണ ആരംഭിച്ചു. കോടതിയിൽ പോയ 15 ദിവസങ്ങൾ വളരെ ട്രോമാറ്റിക് ആയിരുന്നു. അവസാനത്തെ ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുകയായിരുന്നെന്നും അതിജീവിത വ്യക്തമാക്കി.

നേരത്തെ കോടതി വിചാരണക്കിടയിലെ പ്രതിഭാഗം അഭിഭാഷകർ അധിക്ഷേപിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചെന്ന് നടി വ്യക്തമാക്കിയിരുന്നു. കോടതിയിൽ വെച്ച് കരയേണ്ടി വന്നതായും നടി പരാതിപ്പെട്ടിരുന്നു.അഞ്ച് വർഷത്തെ മൗനത്തിന് ശേഷമാണ് നേരിട്ട അതിക്രമത്തെക്കുറിച്ചും കടന്നു പോയ പ്രതിസന്ധികളെക്കുറിച്ചും അതിജീവിത തുറന്ന് പറഞ്ഞത്.

ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞത്, ഇരയെന്ന പേരിട്ട് മുഖ്യധാരയിൽ നിന്നും തന്റെ പേര് തന്നെ അപ്രത്യക്ഷമായത്, സിനിമാ മേഖലയിൽ നിന്നുണ്ടായ മോശം പ്രതികരണങ്ങളും പിന്തുണയും തുടങ്ങിയ വിഷയങ്ങൾ ഭാവന സംസാരിച്ചു.എന്ത് സംഭവിച്ചാലും താൻ നിയമപോരാട്ടം തുടരുമെന്നും താൻ തെറ്റൊന്നും ചെയ്യാത്തിനാൽ തളരാതെ മുന്നോട്ട് പോവുമെന്നും നടി പറഞ്ഞു.

'എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. എന്റെ അഭിമാനം കഷ്ണങ്ങളായി ചിതറി. എനിക്കത് തിരിച്ചു വേണം. എന്റെ കുടുംബം. എന്റെ സുഹൃത്തുക്കൾ, ഡബ്ല്യുസിസി തുടങ്ങി നിരവധി പേർ എനിക്കൊപ്പം നിന്നു. എനിക്കത് വാക്കുകളിൽ പറയാൻ പറ്റില്ല. എനിക്ക് സംഭവിച്ചത് സംഭവിച്ചു. അതിലൂടെ കടന്നു പോയേ പറ്റൂ. പക്ഷെ എനിക്ക് പോരാടണം.ഇപ്പോഴും എനിക്ക് പേടിയുണ്ട്.

നീതിക്ക് വേണ്ടി പോരാടുക എളുപ്പമല്ല. ചിലപ്പോൾ ഞാൻ വളരെ ദുഃഖിതയാണ്. ചിലപ്പോൾ നിരാശയിലും ചിലപ്പോൾ ദേഷ്യത്തിലും. നേരിട്ട ലൈംഗിതാതിക്രമങ്ങളെ പറ്റി നിരവധി പേർ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമായിരുന്നു. ഞാൻ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്' അതിജീവിത പറയുന്നു.

അഞ്ച് വർഷത്തിനിടയിൽ സാമൂഹിക മാധ്യമങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും നടി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ നിന്നും മോശം മെസേജുകൾ വന്നിട്ടുണ്ടെന്നും എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു.

അതിജീവിതയുടെ വാക്കുകൾ; ഈ സംഭവത്തിന് ശേഷം നിരവധി പേർ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവർ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളിൽ സംസാരിച്ചു. അവർക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവൾ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയിൽ പിആർ വർക്കുകൾ നടന്നു.

ഞാൻ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാൻ കഷ്ണങ്ങളായി നുറുങ്ങി. ഞാൻ അതിജീവിക്കാൻ ശ്രമിക്കുന്തോറും ഈ സംഭവങ്ങൾ എന്നെ പിന്നോട്ട് വലിച്ചു. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളർത്തിയതെന്ന് ചിലപ്പോൾ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങൾ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവർ തട്ടിയെടുത്തു.

പിന്നെയും ഇത്തരം പരാമർശങ്ങളാൽ എന്നെ വേദനിപ്പിച്ചു. അന്ന് ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നില്ല. 2019 ലാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ പോലും എനിക്ക് മോശം മെസേജുകൾ വന്നു. എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല എന്നെല്ലാം ചോദിച്ച് കൊണ്ട്. ഇതെല്ലാം കാരണം ഈ യാത്ര വളരെ മോശമായിരുന്നു.