തൽഹാസി (ഫ്ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗർഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബിൽ ഫ്ളോറിഡ സെനറ്റ് അംഗീകരിച്ചു. മാർച്ച് മൂന്നിനു നടന്ന വോട്ടെടുപ്പിൽ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 15 അംഗങ്ങൾ എതിർത്തു വോട്ടു ചെയ്തു. ഗവർണർ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

ടെക്സസിൽ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗർഭചിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഫ്ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെർജിനിയായിലും 15 ആഴ്ച ഗർഭചിദ്ര ബിൽ നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കൻ ഗവർണർമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള ബിൽ പാസാക്കുന്നതിന് ഗവർണർമാർ തന്നെയാണ് നേതൃത്വം നൽകുന്നത്.

ഗർഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്നു ഗർഭചിദ്രത്തെ എതിർക്കുന്നവർ വാദിക്കുന്നു. എന്നാൽ ഇതു വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണെന്നും ഇതിനെ നിയമംകൊണ്ടു നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഗർഭചിദ്രത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

ടെക്സസിൽ കർശനമായി നിയമം നടപ്പാക്കുന്നതുമൂലം അയൽ സംസ്ഥാനങ്ങളിൽ ഗർഭചിദ്രത്തിനായി പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഫ്ളോറിഡ ഗവർണർ ബില്ലിൽ ഒപ്പുവയ്ക്കുമെന്ന് ഉറപ്പാണെങ്കിലും ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഗർഭചിദ്രത്തെ അനുകൂലിക്കുന്നവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.