കോവിഡ് 19 വാക്‌സീനെടുക്കാത്ത ഇഖാമയുള്ളവർക്കും (താമസ രേഖ) പൗരന്മാർക്കും ക്വാറന്റീൻ ഇല്ലാതെ സൗദിയിലേയ്ക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലേയ്ക്ക് വരുന്ന വിദേശികളുടെ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കില്ലെന്ന് ഇതോടെ വ്യക്തമായി.

എന്നാൽ ഉംറ, ടൂറിസം, കുടുംബ സന്ദർശക വീസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളിലും കോവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് തലാൽ അൽ ഷൽഹൂബ് പറഞ്ഞു.നേരത്തെ വാക്‌സീനെടുക്കാത്തവർക്ക് സൗദിയിലേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമായിരുന്നു.

കൂടാതെകോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സൗദി സർക്കാർ പിൻവലിച്ചു. മുൻകരുതലെന്ന നിലയിൽ ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരികയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രാന്റ് മസ്ജിദ്, പ്രവാചകന്റെ മസ്ജിദ്, മറ്റ് മസ്ജിദുകൾ പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ മാസ്‌കുകൾ ധരിക്കണം.

തുറന്ന സ്ഥലങ്ങളിലും അടഞ്ഞ മുറികളിലും സാമൂഹിക അകലം നിർബന്ധമല്ല, എന്നാൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം, തുറന്ന സ്ഥലങ്ങളിൽ വേണ്ട. പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പിൻവലിച്ചു.