സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിഡ്ജിൽ അമിത വേഗത്തിലെത്തിയ കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് തീപിടിച്ചു. ആളപായമില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിന്റെ ഡാഷ്‌ക്യാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രാദേശിക സമയം രാവിലെ 7.06നാണ് അപകടം നടന്നതെന്നും അപകടത്തിൽപ്പെട്ട എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നും ഓസ്‌ട്രേലിയൻ പൊലീസ് പറഞ്ഞു. അപകടത്തിന് മിനിറ്റുകൾക്ക് മുമ്പാണ് കാർ മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വാനിനും എസ്യുവിക്കും പുറമേ അപകടത്തിൽ മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് സിഡ്നി ഹാർബർ ബ്രിഡ്ജിൽ ഉണ്ടായത്.

തലകീഴായി മറിഞ്ഞതിനേ തുടർന്ന് തീപിടിച്ച എസ്യുവിയിൽ കുടങ്ങിയ ഡ്രൈവറെ പിന്നീട് പുറത്തെടുത്തു. വാനിന്റെ ഡ്രൈവറേയും അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. എസ്യുവി ഡ്രൈവറുടെ നില ഗുരുതരമാണ്. പൊലീസ് കസ്റ്റഡിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.