- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; എംഎൽഎയുടെ മണ്ഡലത്തിൽപോലും സീറ്റില്ല; തമിഴ്‌നാട്ടിൽ എട്ട് ജില്ലാകമ്മിറ്റികൾ പിരിച്ചുവിട്ട് ബിജെപി
ചെന്നൈ: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ കടുത്ത നടപടിയുമായി ബിജെപി നേതൃത്വം. സംസ്ഥാനത്തെ എട്ട് ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടു. തിരുനെൽവേലി, നാഗപട്ടണം, ചെന്നൈ വെസ്റ്റ്, നോർത്ത് ചെന്നൈ വെസ്റ്റ്, കോയമ്പത്തൂർ സിറ്റി, ഈറോഡ് നോർത്ത്, തിരുവണ്ണാമലൈ നോർത്ത് പാർട്ടി ജില്ലാ കമ്മിറ്റികളാണ് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പിരിച്ചുവിട്ടത്.
ബിജെപിക്ക് എംഎൽഎയുള്ള കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ഒരു സീറ്റുപോലും ബിജെപിക്ക് ജയിക്കാനായില്ല. തുടർന്ന് തമിഴ്‌നാട്ടിൽ ബിജെപിയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കോയമ്പത്തൂർ ജില്ലാ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റ് ആർ നന്ദകുമാറിനെയടക്കം മുഴുവൻ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കി.
കോയമ്പത്തൂർ കോർപ്പറേഷനിൽ സ്ഥിരമായി കൗൺസിലർ സ്ഥാനം നേടിയിരുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ ഇത്തവണ കോർപ്പറേഷനിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ല. ജില്ലയിലാകെ ബിജെപിയുടെ അവസ്ഥ പരിതാപകരമായിരുന്നു. സ്വന്തം എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തത് ബിജെപിയിൽ ചർച്ചയായിരുന്നു.
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ബിജെപി ഒറ്റക്കാണ് മത്സരിച്ചത്. എന്നാൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സംസ്ഥാനത്താകെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ 22 സീറ്റുകളിലേക്കും മുനിസിപ്പാലിറ്റികളിൽ 56 സീറ്റുകളിലും ടൗൺ പഞ്ചായത്തുകളിൽ 230 സീറ്റുകളിലും എട്ട് ടൗൺ പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനവുമാണ് ബിജെപിക്ക് ലഭിച്ചത്.




