വിലക്കൂടിയ മോഡലുകൾക്ക് സമാനമായ പ്രൊസസ്സറുകൾ ഉപയോഗിച്ചുള്ള വില കുറവുള്ള ഐ ഫോൺ ഐ പാഡ് മോഡലുകൾ അവതരിപ്പിക്കുകയാണ് ആപ്പിൾ. വരുന്ന വെള്ളിയാഴ്‌ച്ച മുതൽ വിപണിയിൽ ലഭ്യമാകുന്ന ഐഫോൺ എസ് ഇ മോഡലിന്റെ വില വെറും 429 ഡോളർ(34,000 രൂപ) മാത്രമായിരിക്കും. ആപ്പിളിന്റെ എ 15 ബയോണിക് ചിപ് ഇതിലും ഉണ്ടായിരിക്കും. മാത്രമല്ല 12 മെഗാ പിക്സൽ ക്യാമറയും 5 ജി കണക്ടിവിറ്റിയും ഇതിന്റെ മറ്റു സവിശേഷതകളാണ്. ഐ ഫോൺ 8 നേക്കാൾ 26 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്ന ഈ മോഡലിൽ പിക്ചറിൽ കാണുന്ന ടെക്സ്റ്റ് പകർത്താൻ സഹായിക്കുന്ന ലൈവ് ടെക്സ്റ്റ് സംവിധാനവും ഉണ്ടായിരിക്കും.

ഇതിനൊപ്പം ഒരു പുതിയ ഐപാഡ് എയർ കൂടി ആപ്പിൾ പുറത്തിറക്കുന്നു. ഐപാഡ് പ്രോയിൽ ഉള്ള അതേ എം 1 പ്രൊസസ്സർ തന്നെയാണ് ഇതിലും ഉള്ളത്. അതിനൊപ്പം പെട്ടെന്നുള്ള വീഡിയോ ട്രാൻസ്ഫറുകൾ സാധ്യമാക്കുന്ന യു എസ് ബി-സി പോർട്ട്, 12 മെഗപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. സ്പേസ് ഗ്രേ, സ്റ്റാർലൈറ്റ്, പിങ്ക്, പർപ്പിൾ, നീല എന്നി നിറങ്ങളിൽ ലഭ്യമാകുന്ന എയറിന്റെ വില 599 ഡോളർ ആയിരിക്കും. ഇതിലും 5 ജി മോഡലും ലഭ്യമാണ്.

ഇതോടൊപ്പം മാക് സ്റ്റുഡിയോ എന്ന് വിളിക്കുന്ന ആപ്പിളിന്റെ പുതിയ കമ്പ്യുട്ടറും കമ്പനി സി ഇ ഒ ടിം കുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈ എൻഡ് എം 1 അൾട്രാ പ്രൊസസ്സറോടുകൂടിയ ഇതിൽ ബിൽറ്റ് ഇൻ എ 13 ബയോണിക് ചിപ്പോടുകൂടിയ സ്റ്റുഡിയോ ഡിസ്പ്ലേയും ഉണ്ടായിരിക്കും. മാക് സ്റ്റുഡിയൊയുടെ അൾട്രാ പതിപ്പിന് 3999 ഡോളറായിരിക്കും വില(3.10 ലക്ഷം). ഡിസ്‌പ്ലേ 1599 ഡോളറും(1.24 ല്കഷം രൂപ). മാർച്ച് 18 മുതൽ ഇവ രണ്ടും വിപണിയിൽ ലഭ്യമാകാൻ തുടങ്ങും.

അപ്പിൾ ടി വി പ്ലസ്സിന്റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിവരണത്തോടെയാന് ഈവന്റ് ആരംഭിച്ചത്. എ ക്രിസ്ത്മസ്സ് കരോൾ ആണ് വരാനിരിക്കുന്ന ഒരു സിനിമ. പിന്നീട് സംസാരിക്കുന്ന മൃഗങ്ങൾ ഉൾപ്പെടുന്ന ഒരു അനിമേഷൻ ചിത്രവും വരും. അതുപോലെ ബേസ്ബോൾ ലൈവും ആപ്പിൾ ടി വി പ്ലസ്സിൽ ലഭ്യമാക്കുമെന്ന് ടിം കുക്ക് പറഞ്ഞു. ബേസ്ബോൾ പ്രക്ഷേപണത്തിന് ആഗോള തലത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെങ്കിലും, ആപ്പിൾ സ്പോർട്ട്സ് ബ്രോഡ്കാസ്റ്റിംഗിന്റെ ആരംഭം എന്ന നിലയിൽ നല്ലൊരു ചുവടുവയ്‌പ്പാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ശരത്ക്കാലം മുതൽ ആപ്പിൾ ഉപഭോക്താക്കളുടേ എണ്ണം ക്രമമായി വർദ്ധിച്ചു വരികയാണെന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി സി ഇ ഒ ടിം കുക്ക് പറഞ്ഞു. പുതിയ വില കുറഞ്ഞ മോഡലുകൾ ഇനിയും ധാരാളം ഉപഭോക്താക്കളെ ആപ്പിളിലേക്ക് ആകർഷിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.