കൊറോണയെന്ന കുഞ്ഞൻ വൈറസിനെ ഭയന്ന് അടച്ചിട്ട വാതിലുകളെല്ലാം തുറക്കുകയാണ് ലോകം. എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതെയാകും. അന്താരാഷ്ട്രയാത്രകൾ പഴയതുപോലെയാകും.

ഇതെല്ലാം നടപ്പിലാക്കിയാൽ, കോവിഡ് കാലത്തിനു മുൻപുണ്ടായിരുന്നതുപോലെ സുഗമമായ യാത്ര ഏവർക്കും സാധ്യമാകും. ഈസ്റ്റർ ഒഴിവുദിനങ്ങൾ വരുന്ന സമയത്തു തന്നെ ഈ നിയന്ത്രണങ്ങൾ എല്ലാം പോകുന്നത് ട്രാവൽ-ടൂറിസം മേഖലയ്ക്ക് തീർച്ചയായും ഉത്തേജനം പകരും. ട്രാവൽ മേഖല ഈ തീരുമാനങ്ങളെ പൂർണ്ണമനസ്സോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

അതേസമയം, മനുഷ്യകുലത്തിന് ഇനിയും ആശങ്ക ഒഴിഞ്ഞുമാറിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടനിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ സർ ക്രിസ് വിറ്റി. കഴിഞ്ഞ ദശാബ്ദങ്ങളിൽ മനുഷ്യകുലത്തെ ആക്രമിക്കാനെത്തിയ എബോളയിൽ നിന്നും സിക്കയിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ഇനിയും അത്തരത്തിലുള്ള മഹാവ്യാധികൾക്കുള്ള സാധ്യതകൾ ഉണ്ടെന്നു പറയുന്നു.

ആധുനിക ജീവിതശൈലി ജന്തുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ആഗോളാടിസ്ഥാനത്തിലുള്ള മാംസവ്യാപാരം, അതിനായുള്ള മൃഗപരിപാലനം എന്നിവയൊക്കെ നമ്മളെ മൃഗങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ നിർബന്ധിതരാക്കുന്നതിനാലാണിതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മൂന്ന് മഹാമാരികളാണ് ലോകത്തെ ആക്രമിച്ചത്.

എന്നാൽ, എബോളയേയും സിക്കയേയും വലിയ പരിക്കുകളില്ലാതെ തടയാൻ കഴിഞ്ഞു. പക്ഷെ, കോവിഡ് മനുഷ്യന്റെ സകല പ്രവർത്തനമേഖലകളേയും വിപരീതമായി ബാധിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണയേക്കാൾ വലിയ ഭീകരരായ വൈറസുകൾ പല മൃഗങ്ങളുടെയും ശരീരത്തിൽ സുഖ സുഷുപ്തിയിലാണ്. മൃഗങ്ങളുമായുള്ള മനുഷ്യ സഹവാസം വർദ്ധിക്കുന്നതിനനുസരിച്ച് അവ മനുഷ്യ ശരീരങ്ങളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

മനുഷ്യ ശരീരത്തിൽ എത്തിയാൽ സജീവമാകുന്ന ഇത്തരം വൈറസുകളാണ് മഹാമാരികൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.