- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യൂ അവാർഡുകൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു

ജീവനക്കാരും ഭരണകർത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കണമെന്നും അതു വഴി മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കണം സർക്കാർ ജീവനക്കാർ ശ്രദ്ധിക്കേണ്ടത്. സമൂഹത്തിനു വേണ്ടി സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ചെയ്യുന്ന നല്ല പ്രവർത്തികൾ എല്ലായ്‌പ്പോഴും അംഗീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന റവന്യൂ അവാർഡുകൾ കരസ്ഥമാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് തിരുവനന്തപുരം കളക്റ്റ്രേറ്റ് സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച കളക്റ്റ്രേറ്റിനുള്ള അവാർഡ് നേടിക്കൊടുക്കാൻ ഒരേ മനസോടെ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിച്ച മന്ത്രി ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഒരു മുദ്രാവാക്യമായെടുത്തുതന്നെ മുന്നോട്ടു പോകണമെന്നും ജീവനക്കാരോട് ചൂണ്ടിക്കാട്ടി.
നമ്മൾ ജീവിക്കുന്ന അന്തരീക്ഷത്തെ മറന്ന് ചിന്തിക്കുമ്പോഴാണ് ജനങ്ങൾക്കെതിരായ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നത്. ന്യായമായ ആവശ്യവുമായി മുന്നിലെത്തുന്ന ഓരോ ഫയലും ആദ്യ തവണ തന്നെ പരിഹരിക്കുമെന്ന് ഓരോ ജീവനക്കാരനും തീരുമാനിക്കണം. ഏറെക്കുറെ അങ്ങനെ മുന്നോട്ടു പോകാനായതാണ് ഏറ്റവും നല്ല കളക്റ്റ്രേറ്റ് എന്ന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ കാലഘട്ടത്തിൽ ആ വെല്ലുവിളികളെയെല്ലാം സമർത്ഥമായി നേരിടാൻ നേതൃത്വപരമായ പങ്കാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം വഹിച്ചതെന്നും അതാണ് മികച്ച ജില്ലാ കളക്ടർ ഉൾപ്പെടെ 12 അവാർഡുകൾ കരസ്ഥമാക്കാൻ സഹായിച്ചതെന്നും ചടങ്ങിൽ പുരസ്‌കാര വിതരണം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കളക്ടർ ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ നല്ല ഭരണകൂടമെന്ന പേരെടുക്കാനാകില്ലെന്നും ജില്ലയിലെ മുഴുവൻ റവന്യൂ ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെയും സജീവമായ ഇടപെടലുകളുടേയും സമയബന്ധിതമായി കാര്യങ്ങൾ ചെയ്ത് തീർക്കാൻ കാണിച്ച താൽപ്പര്യത്തിന്റെയുമൊക്കെ പ്രതിഫലമാണ് ഈ അവാർഡ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പല പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളും ജനപ്രതിനിധികളും ആശ്രയിക്കുന്നത് വില്ലേജ് ഓഫീസ് മുതൽ കളക്റ്റ്രേറ്റ് വരെയുള്ള സംവിധാനങ്ങളെയാണെന്നും അതിന്റെ ചുമതലകൾ വഹിക്കുന്ന ഓരോരുത്തരും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
അവാർഡ് ലഭിച്ചതോടെ ഉത്തരവാദിത്തം കൂടുകയാണ്. ജനങ്ങൾ കൂടുതൽ മികച്ച സേവനം പ്രതീക്ഷിക്കും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തരവാദിത്ത പൂർണമായ ഇടപെടലുകൾ ഉണ്ടാകണമെന്നും റോഡുകളുടേയും റോഡുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടേയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ളവയിൽ വേഗത്തിലുള്ള പ്രവർത്തനമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വി.കെ.പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ഇ.മുഹമ്മദ് സഫീർ, സബ്കളക്ടർ എം.എസ്.മാധവിക്കുട്ടി, ഡെപ്യൂട്ടി കളർ സഞ്ജയ് ജോൺ, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി തുടങ്ങിയവരും കളക്റ്റ്രേറ്റ് ജീവനക്കാരും പങ്കെടുത്തു.

