- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ ഭൂരിപക്ഷം കുറയുമെങ്കിലും യോഗി അധികാരം നിലനിർത്തും; പഞ്ചാബിൽ ആംആദ്മിയുടെ അട്ടിമറി വിജയ സാധ്യത; ഉത്തരാഖണ്ഡിൽ നേരിയ മുൻതൂക്കം കോൺഗ്രസിന്; ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മണിപ്പൂരിൽ ബിജെപി തന്നെ; അഞ്ചു സംസ്ഥാനങ്ങളിലെ ഫലം അറിയാൻ മണിക്കൂറുകൾ അവശേഷിക്കുമ്പോൾ കണക്കു കൂട്ടലുകൾ ഇങ്ങനെ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയും അഖിലേഷ് യാദവിന്റെ എസ് പിയും പ്രതീക്ഷയിലാണ്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ എല്ലാ പ്രതിപക്ഷവും അഖിലേഷിന് പിന്നിൽ അണിനിരക്കും. അവിടെ മറ്റൊരു സാധ്യത ആരും കാണുന്നില്ല. പഞ്ചാബിലും ബിജെപി പ്രതീക്ഷയിൽ അല്ല. ആംആദ്മിയോ കോൺഗ്രസോ അധികാരത്തിൽ എത്തും. എക്‌സിറ്റ് പോളും യുപിയിലും പഞ്ചാബിലും പ്രവചിക്കുന്നത് ഏകപക്ഷീയ വിജയങ്ങളാണ്. എന്നാൽ മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
യുപിയിൽ ഭൂരിപക്ഷം കുറയുമെങ്കിലും യോഗി ആധികാരം നിലനിർത്തുമെന്നാണ് പ്രവചനങ്ങൾ. പഞ്ചാബിൽ ആംആദ്മിയുടെ അട്ടിമറി വിജയസാധ്യതയാണ് ചർച്ചയിൽ. ഉത്തരാഖണ്ഡിൽ നേരിയെ മുൻതൂക്കം കോൺഗ്രസിനാണെന്നും പ്രവചനമുണ്ട്. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മണിപ്പൂരിൽ ബിജെപിക്ക് കടുത്ത വെല്ലുവിളിയുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ ഫലം അറിയാൻ മണിക്കൂറുകൾ അവശേഷിക്കുമ്പോൾ ഇതാണ് ഉയരുന്ന പൊതു ചിത്രം.
മണിപ്പൂരിലും കോൺഗ്രസ് പ്രതീക്ഷയിലാണ്. മണിപ്പുരിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായേക്കില്ല എന്ന സൂചനയെത്തുടർന്ന് കോൺഗ്രസിന്റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിൽ എത്തി. വിജയിച്ച കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നത് ഒഴിവാക്കുന്നതിനാണിത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, മേഘാലയ പിസിസി പ്രസിഡന്റും എംപിയുമായ വിൻസന്റ് എച്ച്. പാലാ, ഛത്തീസ്‌ഗഡ് മന്ത്രി ടി.എസ്.സിങ്‌ദോ എന്നിവരാണ് മണിപ്പുരിൽ എത്തിയത്. കോൺഗ്രസ് നിരീക്ഷകൻ ജയ്‌റാം രമേശും ഇംഫാലിൽ തുടരുകയാണ്.
മണിപ്പൂരിൽ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഗോവ കൂറുമാറ്റത്തിന്റെ ഈറ്റില്ലമാണ്. ഇവിടെ എക്‌സിറ്റ് പോളുകളെല്ലാം തൂക്കുസഭയ്ക്കുള്ള സാധ്യത പറയുമ്പോൾ, അണിയറയിലും നീക്കം സജീവമാണ്. കോൺഗ്രസിനു നേരിയ മേൽക്കൈയ്ക്കു സാധ്യത കൽപിച്ചുള്ള എക്‌സിറ്റ് പോളുകൾക്കു പിന്നാലെ മുതിർന്ന ബിജെപി നേതാവ് വിശ്വജിത് റാണെയുടെ വാട്‌സാപ് സ്റ്റാറ്റസിൽ കർണാടകയിൽനിന്നെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു. പാർട്ടിയുടെ കരുനീക്കങ്ങൾക്ക് ശിവകുമാറും സംഘവും ചാർട്ടേഡ് വിമാനത്തിൽ ഗോവയിൽ വന്നിറങ്ങുന്നതാണ് ചിത്രം. ഇത് പല അഭ്യൂഹവുണ്ടാക്കുന്നുണ്ട്.
വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കളെല്ലാം ഗോവയിൽ എത്തിക്കഴിഞ്ഞു. പി.ചിദംബരം, ദിനേശ് ഗുണ്ടുറാവു, ഡി.കെ.ശിവകുമാർ, കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി, മഹാരാഷ്ട്ര മന്ത്രി സുനിൽ കേദാർ എന്നിവർക്കാണ് കോൺഗ്രസ് ക്യാംപിന്റെ നിയന്ത്രണം. ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയുടെ നേതൃത്വത്തിലാണ് ബിജെപി സംഘം. അഭിഷേക് ബാനർജി, ഡെറക് ഒബ്രയൻ എന്നിവർക്കൊപ്പം തൃണമൂലിനായി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഗോവയിലുണ്ട്. നോർത്ത് ഗോവയിലെ റിസോർട്ടിലായിരുന്ന 37 കോൺഗ്രസ് സ്ഥാനാർത്ഥികളെയും ഇന്നലെ രാത്രി സൗത്ത് ഗോവയിലെ ഹോട്ടലിലേക്കു മാറ്റി. ഫലം വന്നാലും ഇവരെ പുറത്തുവിടില്ല.
ഗോവയിൽ കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് വേണമെന്നിരിക്കെ 2017ൽ 13 സീറ്റിൽ ഒതുങ്ങിയിട്ടും ഭരണം പിടിച്ച ബിജെപി അധികാരം നേടാൻ എന്തു കളിയും കളിക്കും. തൂക്കുസഭ വന്നാൽ ആം ആദ്മി പാർട്ടിയുടെയും തൃണമൂൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) സഖ്യത്തിന്റെയും തീരുമാനം നിർണായകമാകും. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ തീരുമാനം നിർണായകമാകും. ബിജെപി 15 ൽ കൂടുതൽ സീറ്റ് നേടിയാൽ ഗവർണ്ണറിലേക്കാകും ശ്രദ്ധ.
ആഹ്ലാദം ഉള്ളിലടക്കി പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ കാത്തിരിപ്പാണ്. എക്‌സിറ്റ് പോളുകളെ വിശ്വസിക്കരുതെന്ന പാഠം 2017 ൽ അവർ പഠിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നിലധികം പോളുകൾ ആം ആദ്മിക്കു കേവല ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ കോൺഗ്രസ് ഭരണം പിടിച്ചു. ഇക്കുറി അത് ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ആം ആദ്മി.
ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു സാധ്യത തെളിഞ്ഞാൽ, തുടർനടപടികൾക്കു മേൽനോട്ടം വഹിക്കാൻ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിയോഗിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്‌സിറ്റ് പോളുകളിൽ ചിലത് പ്രവചിച്ചിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ