- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധവാർത്തകൾക്കിടയിൽ മുങ്ങിപ്പോകുന്ന കോവിഡ് വാർത്തകൾ ഭയപ്പെടുത്തുന്നത്; ഇന്നലെ മാത്രം 67,000 പുതിയ രോഗികളോടെ വീണ്ടും ബ്രിട്ടനിലെ സ്ഥിതി വഷളാകുന്നു; പുതിയ മാരക വകഭേദം അനേകരുടെ ജീവനെടുത്തെന്ന് ഹോങ്കോംഗ്; ആസ്ട്രേലിയയും ഭീതിയിൽ
ഒരു ഭാഗത്ത് യുദ്ധ ദുരന്തങ്ങൾ തുടരുമ്പോൾ, കൊറോണ എന്ന വൈറസും ആകുംവിധം ദുരന്തങ്ങൾ വിതയ്ക്കുകയാണ്. ഒരുവിധം നിയന്ത്രണാധീനമാക്കിയെന്ന ആശ്വസിച്ചിരുന്ന ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തി കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ മാത്രം 67,159 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 52.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
കോവിഡ് മരണനിരക്കും കുതിച്ചുയരുകയാണ്. ഇന്നലെ ബ്രിട്ടനിലെ 123 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 66.2 ശതമാനം അധികമാണിത്. ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് 14.6 ശതമാനമാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച് മാർച്ച് 5 ന് ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി 1,192 പേരാണ് ചികിത്സതേടി എത്തിയത്.
കോവിഡ് വ്യാപനത്തിന്റെ തീവ്രത സൂചിപ്പിക്കുന്ന ഈ മൂന്ന് മാനദണ്ഡങ്ങളും തുടർച്ചയായ മൂന്നാം ദിവസമാണ് വർദ്ധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി എടുത്തുമാറ്റിയതും അതുപോലെ അതിതീവ്ര വ്യാപനശേഷിയുള്ള ഓമിക്രോണിന്റെ പുതിയ വകഭേദം എത്തിയതുമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത് എന്നാണ് ഈ രംഗത്തെവിദഗ്ദരുടെ അനുമാനം. എന്നാൽ, ഈ പുതിയ വകഭേദം തന്റെ മുൻഗാമിയേക്കാൾ അപകടകാരിയല്ല എന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്.
ഇംഗ്ലണ്ടിന്റെ എല്ലാ മേഖലകളിലും ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അതേസമയം എൻ എച്ച് എസ് രേഖകൾ പ്രകാരം ഇതിൽ വലിയൊരു ഭാഗം രൊഗികളും കോവിഡ് ചികിത്സതേടി എത്തിയവരല്ല. മറ്റു രോഗങ്ങൾക്കുള്ള ചികിത്സതേടിയെത്തുമ്പോൾ ആശുപത്രി പ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെട്ടവരാണവർ.
താരതമ്യേന നിരുപദ്രവകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി എ . 2 വകഭേദം പക്ഷെ ഹോങ്കോംഗിൽ താണ്ഡവമാടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരാഴ്‌ച്ച കൊണ്ടാണ് ഇവിടെ മരണസംഖ്യ 224 ൽ നിന്നും 2287 ൽ എത്തിയത്. അതിനിടയിൽ പരീക്ഷണ ശാലകളിൽ നിന്ന് അറിഞ്ഞോ അറിയാതെയോ വൈറസുകൾ പുറത്തുകടന്നാലുണ്ടാകുന്ന അപകടങ്ങൾ സൂചിപ്പിച്ചുകൊണ്ട് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റിയുട്ടിലെ രണ്ട് ശാസ്ത്രജ്ഞർ ഒരു ശാസ്ത്ര ജേർണലിൽ ഒരു റിപ്പൊർട്ട് പ്രസിദ്ധീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ ട്രോൾ ഏറ്റുവാങ്ങുകയാൺ'.
ഓമിക്രോണിന്റെ പുതിയ വകഭേദം ഹോങ്കോംഗിൽ താണ്ഡവമാടുമ്പോൾ, ആ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ആസ്ട്രേലിയയും ഭയത്തിലാവുകയാണ്. മഹാവ്യാധിയുടെ ആരംഭം മുതൽ ഇങ്ങോട്ട് ഓമിക്രോൺ എത്തുന്നതുവരെ ഹോങ്കോംഗിലുണ്ടായിരുന്നത് 50,000 കേസുകളായിരുന്നെങ്കിൽ ഫെബ്രുവരി 15 ന് ശേഷം അത് 4.50,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ എത്തിയിരിക്കുന്ന, ജനിതക മാറ്റം സംഭവിച്ച ബി എ 2 വകഭേദം വൻ തോതിൽ മരണം വിതയ്ക്കുകയാണിവിടെ.
മറുനാടന് മലയാളി ബ്യൂറോ