- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ബബിളിൽ തുടങ്ങിയ ലണ്ടൻ കൊച്ചി വിമാനം ലാഭകരമാണെന്ന് തിരിച്ചറിഞ്ഞ് എയർ ഇന്ത്യ; ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിക്കുള്ള വിമാനം തുടരും; ഈ 27 മുതൽ എല്ലാ വിമാനങ്ങളും പതിവുപോലെ
എയർ ഇന്ത്യയുടെ സ്വകര്യ വത്ക്കരണം മലയാളികൾക്ക്, പ്രത്യേകിച്ചും ബ്രിട്ടീഷ് മലയാളികൾക്ക് അനുഗ്രഹമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ലണ്ടനിൽ നിന്നും ആഴ്‌ച്ചയിൽ മൂന്ന് വിമാന സർവ്വീസുകൾ കൊച്ചിയിലേക്ക് എയർ ഇന്ത്യ നടത്തിയിരുന്നു. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിൽ വാണിജ്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനായി ആരംഭിച്ച ''ട്രാൻസ്പോർട്ട് ബബിൾ'' അല്ലെങ്കിൽ ''എയർ ട്രാവൽ അറേഞ്ച്മെന്റ്സ്'' എന്ന പദ്ധതിക്ക് കീഴിലായിരുന്നു ഈ പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാധാരണ വിമാന സർവ്വീസുകൾ നിർത്തിവെച്ച സാഹചര്യത്തിലായിരുന്നു ഈ പ്രത്യേക സർവ്വീസുകൾ തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ബ്രിട്ടനാണെങ്കിൽ ഫെബ്രുവരിയിൽ തന്നെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിച്ചിരുന്നു.
കോവിഡ് വ്യാപനം കുറയുകയും, വാക്സിൻ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമനസർവ്വീസുകൾ സാധാരണ പോലെ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. എന്നാൽ, വിമാന സർവ്വീസുകൾ സാധാരണ പോലെ പുനരാരംഭിക്കുമ്പോൾ, ലണ്ടൻ - കൊച്ചി ഉൾപ്പടെയുള്ള പ്രത്യേക വിമാന സർവ്വീസുകൾ നിർത്തലാക്കുമോ എന്ന ആശങ്ക ബ്രിട്ടീഷ് മലയാളികൾക്ക് ഉണ്ടായിരുന്നു. അത്തരമൊരു ആശങ്ക വേണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ ഈ വിമാനം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് വിവിധ ട്രാവൽ ഏജൻസികൾ പറയുന്നത്. മാത്രമല്ല, മാർച്ച് 27 ന് ശേഷമുള്ള ബുക്കിംഗുകളും എയർ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരമൊരു ആശങ്കയ്ക്ക് വകയില്ലെന്നും അവർ പറയുന്നു. കൊച്ചി വിമാനത്താവളവും കേരള സർക്കാരും യൂറോപ്പിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുവാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലണ്ടൻ-കൊച്ചി വിമാന സർവ്വീസ് ഒരു സ്ഥിരം സർവ്വീസായി മാറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഇടക്കാലത്ത് നടത്തിയ വിമാന സർവ്വീസ് ലാഭകരമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് തുടരാൻ എയർ ഇന്ത്യയുടെ പുതിയ ഉടമകൾ തീരുമാനിക്കുന്നതെന്ന് ചില വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള സൂചനകൾ പറയുന്നു. അതേസമയം, ഫെബ്രുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ