ന്യൂജേഴ്സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വൽ ഓർഗനൈസേഷന്റെ ന്യൂജേഴ്സിയിൽനിന്നുള്ള വോളണ്ടിയർമാർ യുക്രെയ്നിൽനിന്നും യുദ്ധഭീതിയിൽ പലായനം ചെയ്ത അഭയാർഥികൾക്ക് കൈതാങ്ങായി പോളണ്ടിൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബാപ്സ് വോളണ്ടിയർമാർ യുക്രെയ്ൻ അഭയാർഥികൾക്ക് സഹായഹസ്തവുമായി പോളണ്ടിൽ എത്തിചേർന്നിരിക്കുന്നത്.

ബാപ്സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയർമാർക്ക് നേരത്തെ തന്നെ യുക്രെയ്ൻ അഭയാർഥികൾക്ക് സഹായമെത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ൻ അഭയാർഥികൾക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയർമാർ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാർപ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിർത്തിയിൽ ഒരുക്കിയിരിക്കുന്ന ക്യാന്പിൽ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂജേഴ്സി റോബിൻഹല്ലായിൽനിന്നുള്ള ഒരു സംഘം വോളണ്ടിയർമാരാണ് പോളിസ് നഗരമായ റെസോവിൽ എത്തിയിരിക്കുന്നത്. അമേരിക്കയിൽനിന്നും ആദ്യമായാണ് ഒരു ഇന്ത്യൻ സംഘടന സഹായ ഹസ്തവുമായി യുക്രയ്ൻ അതിർത്തിയിൽ സേവനത്തിനെത്തിയിരിക്കുന്നത്.