വാഷിങ്ടൻ ഡി സി : യുക്രെയ്നെ കീഴടക്കുന്നതിനുള്ള റഷ്യൻ പ്രസിഡന്റ് പുടിന്റെ തീരുമാനത്തിൽ പ്രതിഷേധം. പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിർത്തൽ അഭ്യർത്ഥന അംഗീകരിക്കാതേയും രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു, ലക്ഷക്കണക്കിന് അഭയാർഥികൾ പലായനം ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യ തയാറാകാത്ത സാഹചര്യത്തിൽ അമേരിക്ക ആസ്ഥാനമായി റഷ്യയിൽ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖ മെക്ക് ഡൊണാൾഡ്, സ്റ്റാർ ബക്ക്സ്, പെപ്സി തുടങ്ങിയ റസ്റ്ററന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചു.

62,000 ജീവനക്കാരുള്ള 850 മെക്ക് ഡോണാൾഡ് റസ്റ്ററന്റുകൾ അടച്ചു പൂട്ടുമ്പോൾ ഇത്രയും ജീവനക്കാർക്ക് ലഭിച്ചിരുന്ന വേതനം തുടർന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മെക്ക് ഡൊണാൾഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിബിൻസ്‌ക്കി അറിയിച്ചു.

30 വർഷമായി മെക്ക് ഡൊണാൾഡ് റസ്റ്ററന്റ് റഷ്യയിൽ പ്രവർത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന യുക്രെയ്ൻ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ റെഡ് ക്രോസിനു മെക്ക്ഡൊണാൾഡ് സംഭാവനയായി 3.8 റൂബിൾ നൽകിയിട്ടുണ്ട്.