കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ ചേർന്ന മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രം. ചാവേർ അക്രമണത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അൽ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസൻ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസൻ' റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ നിന്നുള്ള 23 കാരനായ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി (നജീബ് കുണ്ടുവയിൽ) ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐഎസ്‌കെപിയുടെ പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഖുറാസനാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിൽ എത്തിയതെന്നും പാക്കിസ്ഥാൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ അവകാശപ്പെട്ടിട്ടുണ്ട്.

അഞ്ചുവർഷം മുൻപാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കേരളത്തിൽ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.

പാക്കിസ്ഥാൻ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്, മണിക്കൂറുകൾക്കുള്ളിൽ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്ന് ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐഎസ്‌കെപി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു. വിവാഹ രാത്രിയിൽ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരൻ 'രക്തസാക്ഷിത്വം' വഹിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

''പർവതങ്ങളിലെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടിട്ടില്ല, അദ്ദേഹത്തിന്റെ മനസ്സിലുള്ളത് രക്തസാക്ഷിത്വം മാത്രമായിരുന്നു,'' മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഇ കെ 525 വിമാനത്തിൽ നജീബ് ദുബായിലേക്ക് പോയി, അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായി രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

''ഓഗസ്റ്റ് 15 ന് യുവാവിനെ കാണാതാവുകയും അടുത്ത ദിവസം ഇന്ത്യയിൽ നിന്ന് ഒരു വിമാനത്തിൽ യാത്ര തിരിച്ചതായും കണ്ടെത്തി. ഖൊറാസാനിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കുറച്ചുകാലം ദുബായിൽ താമസിച്ചിരുന്നതായി സംശയിക്കുന്നു. വോയ്സ് ഓഫ് ഖൊറാസനിൽ ഈ ഭാഗം പ്രസിദ്ധീകരിക്കുന്നത് വരെ അദ്ദേഹത്തെ കുറിച്ച് ഇത്രയും കാലം ഒരു വാർത്തയും ഉണ്ടായിരുന്നില്ല. ഈ ലേഖനത്തിൽ നജീബിന്റെ ഫോട്ടോയാണുള്ളത്-അദ്ദേഹത്തിന്റെ പാസ്പോർട്ടിന്റെ അതേ ഫോട്ടോയും ഉണ്ട്,' ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

തന്റെ 'ലക്ഷ്യസ്ഥാനത്ത്' എത്തിയെന്നും ആരും തന്നെ അന്വേഷിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ് തന്റെ അമ്മയ്ക്ക് ടെലിഗ്രാം ആപ്പിൽ ഒക്ടോബർ 17ന് സന്ദേശം അയച്ചതായും പറയപ്പെടുന്നു.

''വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നജീബ് തന്റെ അമ്മയെ ഫോണിൽ ടെലിഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്യുകയും സന്ദേശങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതും എങ്ങനെയെന്ന് കാണിച്ചുകൊടുത്തു. കാണാതായി രണ്ട് ദിവസത്തിന് ശേഷം, അവനെ കണ്ടെത്താൻ ശ്രമിക്കരുതെന്നും പൊലീസിനെ സമീപിക്കരുതെന്നും പറഞ്ഞ് അമ്മയ്ക്ക് സന്ദേശം അയച്ചു, ''ഉദ്യോഗസ്ഥർ പറഞ്ഞു.

ദ ന്യൂസ് മിനിറ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സന്ദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് നജീബിന്റെ അമ്മ ലോക്കൽ പൊലീസിൽ പോയി തന്റെ മകൻ തീവ്രവാദി സംഘത്തിൽ ചേർന്നതായി സംശയിക്കുന്നതായി പരാതി രജിസ്റ്റർ ചെയ്തത്.