- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പഞ്ചാബിൽ ഇതൊരു രാഷ്ട്രീയ മാറ്റം; മികച്ച തീരുമാനമെടുത്തതിൽ ജനങ്ങളെ അഭിനന്ദിക്കുന്നു'; കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരിച്ച് നവജ്യോത് സിങ് സിദ്ദു; ഒരിക്കലും വ്യതിചലിക്കില്ലെന്നും പ്രതികരണം
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇതൊരു രാഷ്ട്രീയ മാറ്റമെന്ന അഭിപ്രായവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. മാറ്റം കൊണ്ടുവരാനുള്ള മികച്ച തീരുമാനമെടുത്തതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങളാണ് മാറ്റം തിരഞ്ഞെടുത്തതെന്നും അവർക്ക് ഒരിക്കലും തെറ്റില്ലെന്നും കോൺഗ്രസ് അധ്യക്ഷനായിരിക്കെ ഇങ്ങനെ പറയാമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം', സിദ്ദു കൂട്ടിച്ചേർത്തു.
പഞ്ചാബിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും അതിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നു ഇനി ഒരിക്കലും വ്യതിചലിക്കില്ലെന്നും സിദ്ദു പറഞ്ഞു. 'ഒരു യോഗി ഒരു ധർമ്മസമരത്തിലായിരിക്കുമ്പോൾ അയാൾ എല്ലാ കെട്ടുപാടുകളും പരിത്യജിക്കുന്നു, എല്ലാ ബന്ധങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അവർ മരണത്തെ പോലും ഭയപ്പെടുന്നില്ല. ഞാൻ പഞ്ചാബിലുണ്ട്, ഇവിടെ തന്നെ തുടരും'- സിദ്ദു പറഞ്ഞു.
'ഒരാൾക്കൊരു ഉയർന്ന ലക്ഷ്യമുണ്ടെങ്കിൽ, പഞ്ചാബിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ജയമോ തോൽവിയോ കാര്യമാക്കില്ലെന്നും സിദ്ദു പറഞ്ഞു. ജനങ്ങളുമായുള്ള എന്റെ ബന്ധം പരിമിതമല്ല. അത് ആത്മീയവും ഹൃദയത്തോട് ചേർന്നതുമാണ്. ജനങ്ങളുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് ജയത്തിലും തോൽവിയിലും ഒതുങ്ങുന്നില്ല. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെ കാണുന്നു. അവരുടെ ക്ഷേമത്തിലാണ് ഞാന് എന്റെ ക്ഷേമത്തെ കാണുന്നത്.'- സിദ്ദു കൂട്ടിച്ചേർത്തു.
ആംആദ്മി പാർട്ടിയുടെ കുതിപ്പിൽ പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 117 സീറ്റുള്ള പഞ്ചാബിൽ ഉൾപ്പോരും ആഭ്യന്തര തർക്കവുമാണ് കോൺഗ്രസിന് വിനയായത്. കഴിഞ്ഞ തവണത്തെ 77 സീറ്റിൽനിന്ന് 19 സീറ്റിലേക്ക് കൂപ്പുകുത്തി. വോട്ട് 38.5 ശതമാനത്തിൽനിന്ന് 23 ശതമാനമായി.
രാജ്യത്തെ ഏറ്റവും ശക്തനായ കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രതിച്ഛായയിൽ നിന്ന അമരീന്ദർ സിങ്ങിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി.സി. അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിനുവേണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന മാറ്റിയ കളിയാണ് കോൺഗ്രസിന് തിരിച്ചടിയായത്.
പഞ്ചാബിലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് നവ്ജ്യോത് സിങ് സിദ്ദു തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് എഎപിയുടെ ജീവൻ ജ്യോത് കൗറിനോട് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടിരുന്നു.




