ന്യൂഡൽഹി: റഷ്യ ശക്തമായ സൈനിക നടപടി തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാവുകയാണ്. കടുത്ത ആശങ്കയിലായിരുന്ന സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം ഡൽഹിയിലെത്തി. പോളണ്ടിൽ നിന്നു എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.

വിദ്യാർത്ഥികളുടെ അടുത്ത സംഘവും ഡൽഹിയിലെത്തുന്നതോടെ ഓപ്പറേഷൻ ഗംഗ ദൗത്യം ഏതാണ്ട് പൂർത്തിയാകും. യുക്രൈനിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.

ഇപ്പോഴിതാ ഇന്ത്യയിൽ സുരക്ഷിതരായി തിരിച്ചെത്തിയ സുമിയിൽ നിന്നുള്ള സംഘത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പിതാവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. കശ്മീരിൽ നിന്നുള്ള സഞ്ജയ് പണ്ഡിത എന്നയാളുടെ വാക്കുകളാണ് ശ്രദ്ധേയമായത്. തന്റെ മകനെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിച്ച കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നതിനിടെയാണ് കണ്ണീരോടെയുള്ള ഈ പിതാവിന്റെ പ്രതികരണം.

ഇയാളുടെ മകൻ ധ്രുവ് സുമിയിൽ നിന്ന് സുരക്ഷിതമായി ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ മകനെ സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു പിതാവിന്റെ പ്രതികരണം.

'തിരിച്ചു വന്നിരിക്കുന്നത് എന്റെ മകനല്ല. അവൻ മോദിജിയുടെ മകനാണ് എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യുക്രൈനിലെ യുദ്ധ സാഹചര്യത്തിൽ മകന്റെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്റെ മകനെ സുരക്ഷിതമായി തിരിച്ചെതിന് ഞാൻ കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നു'- കണ്ണുകൾ നിറഞ്ഞ് ആ പിതാവ് പ്രതികരിച്ചു.

ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതും സുരക്ഷിത ഇടനാഴി ഒരുക്കിയതുമാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി അതിർത്തിയിലെത്തിക്കാനും, അവിടെ നിന്ന് നാട്ടിലെത്തിക്കാനും തുണയായത്.

യുക്രൈനിൽ നിന്നും രക്ഷിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് പാക്ക് വിദ്യാർത്ഥിനി നേരത്തെ രംഗത്തെത്തിയിരുന്നു. അസ്മ ഷഫീഖ് എന്ന വിദ്യാർത്ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പടിഞ്ഞാറൻ യുക്രൈനിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്ന് വിദ്യാർത്ഥിനി പറയുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ നിന്നും ജീവൻ രക്ഷിച്ചതിന് നന്ദി പറയുന്നതായി അസ്മ പറഞ്ഞു.

യുക്രൈനിൽ നിന്നും തങ്ങളെ രക്ഷിക്കാൻ പാക്ക് ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് ഇന്ത്യയാണ് രക്ഷിച്ചതെന്നും യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ പാക്ക് വിദ്യാർത്ഥിനി മിഷ അർഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രൈനിലെ നാഷ്ണൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു മിഷ. ഇന്ത്യൻ വിദ്യാർത്ഥികൾക്കുവേണ്ടി ഒരുക്കിയ ബസിൽ കയറാൻ അധികൃതർ അനുവദിച്ചെന്നും അങ്ങനെയാണ് രക്ഷപെട്ടതെന്നും വിദ്യാർത്ഥിനി പറഞ്ഞു.

യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യമായ 'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി ഒൻപത് വിദ്യാർത്ഥികളെ രക്ഷിച്ചതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മോദിക്ക് നന്ദി അറിയിച്ചിരുന്നു. നേപ്പാൾ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളേയും ഇന്ത്യൻ അധികൃതർ രക്ഷപെടുത്തിയിരുന്നു. യുക്രൈനിൽ നിന്നും 20,000 ത്തിൽ അധികം പൗരന്മാരെ തിരികെ എത്തിക്കാൻ സാധിച്ചെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചത്.