- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ തസ്തിക: ആദ്യ ദിനം 103 പേരുടെ കരാർ ഒപ്പിടൽ പൂർത്തിയായി
തിരുവനന്തപുരം: കെഎസ്ആർടിസിസ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ആദ്യ ദിവസം 103 പേരുടെ കരാർ ഒപ്പിടലും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേർക്കു കരാർ ഒപ്പിടുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
അതിൽ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. അതിൽ 103 പേരാണു കരാർ ഒപ്പിട്ടത്. അടുത്ത 125 പേരുടെ കരാർ ഒപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ നടത്തുമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.
ദീർഘദൂര സർവീസുകൾ നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസിസ്വിഫ്റ്റിനു വേണ്ടി വാങ്ങുന്ന ബിഎസ് 6 ശ്രേണിയിലെ എയർ സസ്‌പെൻഷനോട് കൂടിയ 72 നോൺ എസി ഡീലക്‌സ് ബസുകളിൽ 15 ബസുകൾ ആനയറയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. അശോക് ലൈലാൻഡ് ഷാസിയിലാണ് ബസുകൾ നിർമ്മിച്ചിരിക്കുന്നത്. റിക്ലൈനിങ് സീറ്റുകളോടു കൂടിയ ബസിൽ 41 പേർക്കു യാത്ര ചെയ്യാനാകും.
തൃച്ചിയിലുള്ള ഗ്ലോബൽ ടിവി എസ് എന്ന ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്കു ബോഡി നിർമ്മിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളവും, 197 എച്ച്പി പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോടു കൂടിയ 6 സ്പീഡ് ഗിയർ ബോക്‌സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്‌പെൻഷൻ എന്നിവയാണു ബസിന്റെ പ്രത്യേകത.
ബെംഗളൂരു ആസ്ഥാനമായുള്ള വിഇ കൊമേഴ്ഷ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ), ബിഎസ് 6 ശ്രേണിയിൽ ഉള്ള ഷാസിയിൽ, ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസുകളിൽ മൂന്ന് ബസുകൾ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തും. ഇതിന്റെ ആദ്യ ബസ് മാർച്ച് 3ന് എത്തിയിരുന്നു. ഇതോടെ ഈ ശ്രേണിയിലെ 4 ബസുകളാണ് എത്തുന്നത്.
ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി സർക്കാർ 50 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിലെ 100 ബസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് എത്തുന്നത്.




