ഓസ്റ്റിൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്‌സസിലെ ജനങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണമെന്നും, അതിനായി മാർച്ച് 13 ഞായർ വേർതിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്‌സസ് ഗവർണർ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി.

യുക്രെയ്ൻ ജനതക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്‌സസ് ഗവർണേഴ്‌സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബൾബുകൾ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണ്ണറുടെ മന്ദിരത്തിൽ യുക്രെയ്ൻ പതാക ഉയർത്തുന്നതിനും (ശനിയും,ഞായറും) ഉത്തരവിറക്കി.

ആശ്വാസത്തിന്റെ ശക്തികേന്ദ്രം പ്രാർത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാർത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകർത്താക്കൾക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാർത്ഥനയ്ക്കായി മാർച്ച് 13 ഞായർ മാറ്റിവയ്ക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

റഷ്യയുമായി സിസ്റ്റർ-സിറ്റി ബന്ധങ്ങൾ അവസാനിപ്പിക്കുവാൻ ഡാളസ് സിറ്റി കൗൺസിൽ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം (മാർച്ച് 9) നടന്ന ഗവർണർ മാർച്ച് 13 ആണ് പ്രാർത്ഥനാദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയത്.