തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സജ്ജീകരണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

നിലവിലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് ഉടനടി മാറി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കാനും നിർദ്ദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയോനെറ്റോളജി വിഭാഗം ആരംഭിക്കും. പിഡബ്ല്യുഡി നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം നടത്തി. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടി ചർച്ച നടത്താനും തീരുമാനിച്ചു.

കോഴിക്കോടുള്ള ജെൻഡർപാർക്ക്, മാനസികാരോഗ്യ കേന്ദ്രം എന്നിവ മന്ത്രി സന്ദർശിച്ചു. ജീവനക്കാരുമായി ആശയവിനിമയം നടത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ വാർഡുകൾ നോക്കിക്കാണുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.