തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്. കൂടാതെ ഏപ്രിൽ, മെയ്‌ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അദ്ധ്യാപക പരിശീലനം, എസ്എസ്എൽസി, ഹയർസെക്കന്ററി/വിഎച്ച്എസ്ഇ മൂല്യ നിർണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ രണ്ടിനു പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽനിന്ന് കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.