തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാൽ തന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വോയ്‌സ് റെസ്റ്റിലാണെന്നും ശബ്ദം തിരികെ കിട്ടാൻ 15 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും ഗായകൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

'ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്' എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ സമൂഹമാധ്യമ പോസ്റ്റ്. പിന്നാലെ ഗായകൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കമന്റുകളുമായി ആരാധകരുമെത്തി.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഹരീഷ് ശിവരാമകൃഷ്ണൻ വിദേശത്തായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്‌സ്‌പോയിലെ വലിയ വേദിയിലും അദ്ദേഹം പാടിത്തിമിർത്തു. കോവിഡ് കാലത്തെ ഹരീഷിന്റെ ആദ്യ വിദേശപരിപാടിയായിരുന്നു അത്.