തിരുവനന്തപുരം: കേരളം കനത്തചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ാപനില സാധാരണയിൽ നിന്നു രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു.

കേരളത്തിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.സന്തോഷ് അറിയിച്ചു. ശരാശരിയിൽ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.

കോട്ടയം, കൊല്ലം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ 34.5 ആയിരുന്നു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.