ന്യൂഡൽഹി: പിഎഫ് (പ്രോവിഡന്റ് ഫണ്ട്) പലിശനിരക്ക് ഈ സാമ്പത്തിക വർഷം 8.1% ആയി കുറയ്ക്കാൻ തീരുമാനം. കഴിഞ്ഞ 2 വർഷവും 8.5% ആയിരുന്നു പലിശ. ഇത് ഒറ്റയടിക്കു 0.4% കുറയ്ക്കാനാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) കേന്ദ്ര ട്രസ്റ്റി ബോർഡിന്റെ തീരുമാനം. കേന്ദ്ര ധനമന്ത്രാലയം കൂടി അംഗീകരിച്ചാൽ പ്രാബല്യത്തിലാകും.

നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുൻപ് 1977-78ൽ പലിശ 8% ആയിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് പിഎഫ് പലിശ ഇത്രയധികം താഴുന്നത്. ഇപിഎഫ് പലിശ നിരക്ക് 8 ശതമാനത്തിനു മുകളിൽ തുടരുന്നതിൽ ധന മന്ത്രാലയത്തിന് എതിർപ്പുണ്ടായിരുന്നു. ബാങ്കുകളിലെ സ്ഥിരനിക്ഷേപ നിരക്ക് ഇതിന്റെ പകുതിയോളമേ ഉള്ളൂവെന്നതിനാൽ ബാങ്കുകളും ധനമന്ത്രാലയത്തിനു മേൽ സമ്മർദം ചെലുത്തിയിരുന്നു.

ഇപിഎഫ്ഒയുടെ വിവിധ നിക്ഷേപങ്ങളിൽനിന്നും മറ്റുമുള്ള വരുമാനത്തിൽ ഇടിവു വന്നതും കോവിഡ് കാരണം പലരും പിഎഫ് നിക്ഷേപം പിൻവലിച്ചതുമാണു പലിശ കുറയ്ക്കാനുള്ള കാരണങ്ങളായി പറയുന്നത്. നിലവിലുള്ള 8.5% പലിശ തന്നെ 7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. 1952 മുതലുള്ള കണക്കെടുത്താൽ ഏറ്റവും ഉയർന്ന പലിശ 1989 2001 കാലയളവിലായിരുന്നു; 12%. നിലവിൽ ആറരക്കോടിയിലേറെ അംഗങ്ങളാണു പിഎഫിലുള്ളത്.

കോവിഡ് സമയത്തെ പണം പിൻവലിക്കൽ പദ്ധതിപ്രകാരം കഴിഞ്ഞ ഡിസംബർ 31 വരെ 56.79 ലക്ഷം ക്ലെയിമുകളിലായി 14,310.2 കോടി രൂപ പിൻവലിച്ചതായാണ് കണക്ക്. പിഎഫ് പെൻഷൻ അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ പണം ആവശ്യമായി വരുമെന്നും കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ അധികൃതർ പറഞ്ഞു. പലിശ കുറയ്ക്കുന്നതിനെ യോഗത്തിൽ ട്രേഡ് യൂണിയനുകൾ എതിർത്തപ്പോഴായിരുന്നു വിശദീകരണം.