പാരീസ്: യുവേഫ ചാംപ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിന് പിന്നാലെ ടീം ജേഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങിയ ലയണൽ മെസിക്കും നെയ്മറിനും ആരാധകരുടെ കൂവൽ. ബോർഡെക്സിനെതിരായ മത്സരത്തിലാണ് മെസിക്കും സഹതാരം നെയ്മറേയും ആരാധകർ കൂവിയത്. ഇരുവരും പന്ത് തൊടുമ്പോഴെല്ലാം പിഎസ്ജി ആരാധകർ പ്രതിഷേധസ്വരമുയർത്തി.

മെസിയുടെ വരവോടെ ഏറെ പ്രതീക്ഷയോടെയാണ് ചാംപ്യൻസ് ലീഗിന് ഇത്തവണ പി എസ് ജി പോരാട്ടത്തിന് ഇറങ്ങിയത്. കിലിയൻ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം മെസി ചേരുന്നതോടെ ടീം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് മുന്നേറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാൽ ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായതോടെയാണ് ആരാധകർ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്. രണ്ടാംപാദത്തിൽ 3-1ന്റെ തോൽവിയേറ്റുവാങ്ങിയാണ് ടീം പുറത്തായത്. മെസിക്കും നെയ്മറിനും മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചിരുന്നില്ല. താരങ്ങൾക്ക് പിന്തുണയുമായി ഉറ്റസുഹൃത്തും അത്ലറ്റികോ മാഡ്രിഡ് താരവുമായ ലൂയിസ് സുവാരസ് രംഗത്തെത്തി.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സുവാരസ് പിന്തുണ അറിയിച്ചത്. എല്ലായ്‌പ്പോഴും ഞാൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് സുവാരസ് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. കൂടെ ഇരുവർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതേസമയം മത്സരം പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു.

മെസിക്കും ഇന്നും ഗോൾ നേടാൻ സാധിച്ചില്ല. കിലിയൻ എംബാപ്പെ, നെയ്മർ, ലിയാൻഡ്രോ പരഡേസ് എന്നിവരാണ് പിഎസ്ജിയുടെ ഗോൾ നേടിയത്. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. 28 മത്സരങ്ങളിൽ 65 പോയിന്റാണ് അവർക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള നീസുമായി 15 പോയിന്റ് വ്യത്യാസം.