കോയമ്പത്തൂർ: യുക്രൈനിൽ പഠനത്തിന് പോയതാണ് കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് എന്ന 22കാരൻ. എന്നാൽ യുദ്ധത്തിൽ പങ്കെടുക്കാൻ മിലിട്ടറിയിൽ ചേർന്ന മകൻ വീട്ടുകാർത്ത് നൊമ്പരമായി. എന്നാൽ ഇപ്പോൾ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. കഴിഞ്ഞ ദിവസം സായി വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ 'തിരിച്ചുവരില്ലേയെന്ന' ചോദ്യത്തിന് അനുകൂല മറുപടി നൽകിയതായി മാതാപിതാക്കൾ അറിയിച്ചു.

തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകനായ സായ്‌നികേഷ് 2018 സെപ്റ്റംബറിലാണു യുക്രെയ്‌നിൽ എത്തിയത്. ഹർകീവിലെ നാഷനൽ എയറോസ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ 5 വർഷത്തെ കോഴ്‌സിനാണു ചേർന്നത്. യുദ്ധം തുടങ്ങിയപ്പോൾ ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂണിറ്റിൽ അംഗമായി. എന്നാൽ മകൻ തിരിച്ചു വരാമെന്ന് പറഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കൾ.

മകനെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുമായും യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുമായും മാതാപിതാക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ, യുദ്ധമേഖലയിൽനിന്നു സായ്‌നികേഷിനെ കണ്ടെത്തുക എളുപ്പമല്ലെന്നാണു വിവരം. കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ തുടങ്ങിയപ്പോൾ മടങ്ങാൻ താൽപര്യമില്ലെന്നു സായ്‌നികേഷടക്കം മുപ്പതോളം പേർ അധികൃതരെ അറിയിച്ചിരുന്നത്രെ.