വെള്ളിമാടുകുന്ന് ഹോമിലെ ആൺകുട്ടികളുടെ ആഗ്രഹം നിറവേറ്റി നൽകി മന്ത്രി വീണാ ജോർജ്. ഞങ്ങൾക്ക് ഒരു ഊഞ്ഞാല് കെട്ടിത്തരുമോ എന്ന ഹോമിലെ കുരുന്നുകളുടെ ചോദ്യത്തിന് മറുപടിയായി ഉടനടി ഉഞ്ഞാൽ ഇട്ട് നൽകുകയായിരുന്നു മന്ത്രി. വെള്ളിമാടുകുന്നിലെ ജെൻഡർപാർക്കിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി അപ്രതീക്ഷിതമായി ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിലെത്തിയത്.

ഹോമിലെ കുട്ടികളും കെയർടേക്കർമാരും പുറത്ത് നിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള മന്ത്രിയുടെ വരവ് കണ്ട് ബാക്കിയുള്ളവരും ഓടിയെത്തി. കുട്ടികൾ തന്നെ മന്ത്രിയെ ഹോമിലേക്ക് കൂട്ടിക്കൊണ്ടുപോയി. മന്ത്രി ഹോമിലെ ജീവനക്കാരോടും കുട്ടികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി ഹോം പരിസരവും അടിസ്ഥാന സൗകര്യങ്ങളും അടുക്കളയിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ച് വിലയിരുത്തി.

ഇതിനിടയിലാണ് ചില കുട്ടികൾ ഞങ്ങൾക്കൊരു ഊഞ്ഞാൽ കെട്ടിത്തരുമോ എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. മുമ്പൊരു ഊഞ്ഞാൽ ഉണ്ടായിരുന്നുവെന്നും പണിനടക്കുന്നതിനാൽ അതെല്ലാം പോയെന്നും കുട്ടികൾ പറഞ്ഞു. ഉടൻ തന്നെ മന്ത്രി ഹോമിലെ ജീവനക്കാരോട് എത്രയും വേഗം ഒരു ഊഞ്ഞാലിട്ട് കൊടുക്കാൻ നിർദ്ദേശം നൽകി. ഊഞ്ഞാലിട്ട ശേഷം അക്കാര്യം തന്നെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നിർദ്ദേശം കുട്ടികൾ സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ ഹോമിന്റെ മുറ്റത്ത് ജീവനക്കാർ തന്നെ ഊഞ്ഞാലൊരുക്കി.

ഹോമിലെ മുതിർന്ന കുട്ടികൾ ചെറിയൊരു ജിമ്മാണ് ആവശ്യപ്പെട്ടത്. ഹോമിൽ ചെറിയൊരു ജിം തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി വനിതശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.