ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 3400 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചതോടെ ആശങ്കയിലാണ് രാജ്യം.

ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2200 ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പ്രവിശ്യകളിൽ ഓമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി. ഉത്തരകൊറിയയോടുചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഹോങ് കോങ്ങിൽ മൂന്നു ലക്ഷം പേർ ക്വാറന്റീനിൽ
ഹോങ് കോങ്: കോവിഡിനെത്തുടർന്ന് ഹോങ് കോങ്ങിൽ മൂന്നുലക്ഷം പേർ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് കാരിലാം. കോവിഡ് രോഗികൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകുമെന്നും അവർ വ്യക്തമാക്കി. ഞായറാഴ്ച 32,000 പേർക്കാണ് ഹോങ് കോങ്ങിൽ രോഗബാധ സ്ഥിരീകരിച്ചത്. 190 പേർ മരിച്ചു.