തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നിയമസഭയിൽ. അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കു സർക്കാർ തയാറായതോടെയാണ് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യുന്നത്. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകുകയായിരുന്നു.

വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഒരു മണി മുതൽ മൂന്നുമണിവരെയാണ് ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചിരിക്കുന്നത്.

കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണെന്നും ജനകീയ പ്രതിഷേധം കടുത്തതോടെ സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നതായും പി സി വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയിൽ അടിമുടി ദുരൂഹതയാണുള്ളത്.

സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയിൽ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും വിഷ്ണുനാഥ് ആരോപിച്ചു. സർക്കാരിന്റേത് ഗുണ്ടായിസമാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. അടുക്കളയിൽ വരെ മഞ്ഞക്കല്ലുകൾ കുഴിച്ചിടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ്. ഭരണപരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതിയാണിത്.

ജനകീയ പ്രതിഷേധത്തെ മനുഷ്യത്വ രഹിതമായി അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. കേരളത്തിൽ പലയിടത്തും ജനകീയ പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമം ഉണ്ടായി. സ്്ത്രീകളും കുട്ടികളെന്നും പരിഗണനയില്ലാതെയാണ് പൊലീസ് തല്ലിച്ചതച്ചത്. കേരളത്തിൽ പൊലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. കേരളാ പൊലീസ് ആറാടുകയാണ്.

കുട്ടികളുടെ മുന്നിൽവച്ച് മാതാപിതാക്കൾക്ക് പൊലീസ് മർദദ്ദനം ഏൽക്കുന്ന സാഹചര്യം ഉണ്ടായി. സാമൂഹിക അതിക്രമം നടത്തിയിട്ടാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനമല്ല, സാമൂഹിക അതിക്രമമാണ് നടക്കുന്നത്. ഇപ്പോൾ നിയമസഭയിൽ നടക്കുന്ന ചർച്ച ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ്.

സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങൾക്ക് ഇടയിലേക്ക് വികസനത്തിന്റെ പേരിൽ പൊലീസിനെ കൂട്ടുപിടിച്ച് ആക്രമണം നടത്തുകയാണ്. സമ്പന്ന വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കുന്നതിനായാണ് പ്രായോഗികമല്ലാത്ത പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആരോപിച്ചു.

കുഞ്ഞുങ്ങളുടെ മുന്നിൽ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. സാമൂഹികാഘാതപഠനമല്ല മറിച്ച് സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് സാമൂഹികപഠനമാണ്. വെൽവയൽ നികത്തേണ്ടി വരുമെന്ന് ഡിപിആറിൽ തന്നെ പറയുന്നു. പ്രതിഷേധിക്കുന്നവർക്കെതിരേ സർക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. ഗുണ്ടകൾ വിലസുമ്പോൾ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലാണ്. പദ്ധതിക്കുള്ള വിഭവങ്ങൾ എവിടെനിന്ന് കൊണ്ടുവരുമെന്ന് അറിയില്ലെന്നും പറഞ്ഞു.

സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണെന്നും പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി ജനത്തെ പദ്ധതിക്കെതിരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് എ.എൻ.ഷംസീർ മറുപടിയിൽ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമെന്നും എ.എൻ.ഷംസീർ പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അടക്കം കടുത്ത ജനകീയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിനു വേണ്ടപ്പെട്ട പദ്ധതിയാണെന്നും വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പി.സി.വിഷ്ണിനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂർ ചർച്ച ചെയ്യാനാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചർച്ചചെയ്യുന്നത്.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെ റെയിൽ പരിസ്ഥിതി നാശമുണ്ടാക്കുന്നതും സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ സംസ്ഥാന വികസനത്തിലെ അത്യന്താപേക്ഷിതമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി കെ റെയിലിനെ വിശേഷിപ്പിച്ചത്.