- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ ഉൾപ്പെടെ ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു; ജൂൺ ആദ്യം മുതൽ പ്രാബല്യത്തിൽ; നടപടി സുൽത്താന്റെ പ്രത്യേക നിർദ്ദേശപ്രകാരം
മസ്ഖത്: ഒമാൻ ഭരണാധികാരി സുൽത്വാൻ ഹൈതം ബിൻ ത്വാരിഖിന്റെ നിർദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു. വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ കുറച്ചിട്ടുണ്ട്. സുൽത്വാന്റെ നിർദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകൾ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു.
ഞായറാഴ്ച മസ്ഖത്, തെക്കൻ അൽ ബാതിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു വിസാ നിരക്കുകൾ കുറയ്ക്കാൻ ഭരണാധികാരി നിർദ്ദേശം നൽകിയത്. ഈ വർഷം ജൂൺ ആദ്യം മുതലായിരിക്കും ഈ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസ നിരക്ക് നടപ്പിൽ വരിക. രണ്ട് വർഷമാണ് വിസ കാലാവധി.
പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി എടുക്കുന്നവരുടെ വിസ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മെയ്് ഒന്നു മുതൽ നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇത് വരെ വിസ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്. സർക്കാർ നിർദേശിച്ച സ്വദേശി വത്കരണ തോത് പൂർണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽ നിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 ആയി കുറച്ചു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽപെട്ടവരും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽ പെടുന്നത്. 601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഈ വിഭാഗത്തിൽ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽ നിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക.
മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവത്ക്കരണ തോത് പുർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ട് ജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. കൃഷിക്കാരുടെ വിസ ഫീസ് 201 റിയാലിൽ നിന്ന് 141 ആയി കുറച്ചിട്ടുണ്ട്. കൂടാതെ 25 ഇനം ഭക്ഷ്യ വിഭവങ്ങൾ കൂടി പൂർണമായി വാറ്റിൽ നിന്നും ഒഴിവാക്കാനും സുൽത്താൻ ഉത്തരവിട്ടു. ഇതോടെ പൂർണ്ണമായി വാറ്റ് ഒഴിവാക്കിയ ഉൽപന്നങ്ങളുടെ എണ്ണം 513 ആയി ഉയർന്നു .