കൊച്ചി: പ്രണവ് മോഹൻലാലിന്റെ യാത്രാ ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ പങ്കുവയ്ക്കാറുണ്ട്. എന്നാൽ സമീപകാലത്തായി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രണവ് പോസ്റ്റുകൾ ഇടാറുണ്ട്. മരക്കാർ, ഹൃദയം പ്രൊമോഷനുകളുടെ ഭാഗമായുള്ള പോസ്റ്റുകളാണ് ഇൻസ്റ്റയിലൂടെ ആദ്യം പ്രണവ് ചെയ്തിരുന്നതെങ്കിൽ പിന്നീട് യാത്രകളിൽ താൻ പകർത്തിയ ചിത്രങ്ങളും തന്റെ തന്നെ ചില ചിത്രങ്ങളുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. എന്നാൽ തന്റെ ചില കുട്ടിക്കാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രണവ് ഇപ്പോൾ.

ഒന്ന് ശൈശവകാലത്ത് അച്ഛൻ മോഹൻലാലിന്റെ കൈകളിൽ ഇരിക്കുന്നതും മറ്റൊന്ന് ബാല്യകാലത്ത് ആനയുടെ ഒരു ചെറുശിൽപത്തിന് മുകളിൽ ഇരിക്കുന്നതുമാണ്. 1.1 മില്യൺ ഫോളോവേഴ്‌സ് ഉള്ള പ്രണവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് വലിയ പ്രതികരണമാണ് എപ്പോഴും ലഭിക്കാറ്.

 
 
 
View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

എന്നാൽ ഈ ചിത്രങ്ങളുടെ കമന്റ് ബോക്‌സിൽ എത്തുന്ന ആരാധകർക്ക് മറ്റൊരു കൗതുകം കൂടിയുണ്ട്. മോഹൻലാൽ ഈ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട് എന്നതാണ് അത്. ഹൃദയ ചിഹ്നത്തിന്റെയും ചുംബനത്തിന്റെയും സ്‌മൈലികളാണ് മോഹൻലാൽ കമന്റ് ചെയ്തിരിക്കുന്നത്. നാലായിരത്തിലേറെ ലൈക്കുകളാണ് മോഹൻലാലിന്റെ കമന്റിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ഹൃദയമാണ് പ്രണവിന്റേതായി അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ഈ ചിത്രം. ആഗോള ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ തീരുമാനം.

പ്രണവിന്റെ ആദ്യ 50 കോടി ചിത്രവുമാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ ഹൃദയം പ്രണവിന്റെ കരിയറിൽ ഏറ്റവുമധികം കളക്റ്റ് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.