കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവൻസ് ലഭ്യമാകുന്ന നിയമത്തിന് അംഗീകാരം. അനുവദിക്കപ്പെട്ട അവധി പ്രയോജനപ്പെടുത്താത്ത ജീവനക്കാർക്ക് പകരമായി വേതനം അനുവദിക്കുന്നതാണ് നിയമം. അഞ്ച് വർഷത്തിൽ കുറയാത്ത സേവന റെക്കോർഡുള്ളവർക്കാണ് ക്യാഷ് അലവൻസിനു അർഹതയുണ്ടാവുക. തിങ്കളാഴ്ച വൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇതനുസരിച്ചു അഞ്ചു വർഷത്തിൽ കുറയാത്ത സർവീസ് റെക്കോർഡുള്ള സർക്കാർ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവൻസ് ലഭിക്കും. മന്ത്രിസഭ പുറപ്പെടുവിച്ച കരട് ഉത്തരവ് അമീറിന്റെ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും ക്രമീകരിക്കാൻ സിവിൽ സർവീസ് കമ്മീഷന് പ്രധാനമന്ത്രി ഷെയ്ഖ് സഭ ഖാലിദ് അൽ അഹമ്മദ് അസ്വബാഹ് നിർദ്ദേശം നൽകി.

നാലുവർഷമായി വിവിധ കോണുകളിൽനിന്നുയരുന്ന ആവശ്യത്തിനാണ് ഇപ്പോൾ സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഖലീൽ അൽ സ്വാലിഹ് എംപി അവതരിപ്പിച്ച കരട് നിർദ്ദേശം പാർലിമെന്റ് നേരത്തെ വോട്ടിനിട്ട് പാസാക്കിയിരുന്നു.