- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവിസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ; അന്താരാഷ്ട്ര വിമാന സർവിസുകൾ 27 മുതൽ
മനാമ: അന്താരാഷ്ട്ര വിമാന സർവിസുകൾ ഈമാസം 27 മുതൽ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ എക്സ്‌പ്രസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെ എല്ലായിടത്തേക്കും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിനു പുറത്ത്, മംഗളൂരുവിലേക്കു മാത്രമാണ് എയർ ഇന്ത്യ എക്സ്‌പ്രസ് സർവിസ് നടത്തുന്നത്. കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. കണ്ണൂരിലേക്കും മംഗളൂരുവിലേക്കും ഞായർ, ചൊവ്വ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു വീതം സർവിസാണുള്ളത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.40ന് കണ്ണൂരിലേക്ക് നേരിട്ട് സർവിസ് നടത്തും. ഈ വിമാനം പിന്നീട് മംഗളൂരുവിലേക്കു പോകും. ഞായറാഴ്ച കണ്ണൂരിലേക്കുള്ള സർവിസ് മംഗളൂരു വഴിയായിരിക്കും. മംഗളൂരു വഴി പോകുന്നതിനാൽ കണ്ണൂരിലേക്ക് ഒന്നരമണിക്കൂർ അധികമെടുക്കും.
കോഴിക്കോട്ടേക്ക് തിങ്കളും വെള്ളിയും ഒഴികെ ആഴ്ചയിൽ അഞ്ച് സർവിസാണുള്ളത്. രാവിലെ ഒമ്പതിന് ബഹ്‌റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.55ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് ബഹ്‌റൈനിലേക്ക് സർവിസുള്ളത്. പുലർച്ചെ 5.55ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് ബഹ്‌റൈനിലെത്തും. കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ബഹ്‌റൈനിൽനിന്ന് സർവിസുണ്ട്. രാവിലെ ഒമ്പതിന് ബഹ്‌റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.55ന് കൊച്ചിയിലെത്തും.
ബുധൻ, ശനി ദിവസങ്ങളിലെ സർവിസ് കോഴിക്കോട് വഴിയായിരിക്കും എന്നതിനാൽ ഒന്നര മണിക്കൂർ അധികമെടുക്കും. കൊച്ചിയിൽനിന്ന് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ബഹ്‌റൈനിലേക്കുള്ള സർവിസ്. ഇതിൽ ചൊവ്വ, ശനി ദിവസങ്ങളിലെ സർവിസ് കോഴിക്കോട് വഴിയായിരിക്കും. എയർ ഇന്ത്യ ബഹ്‌റൈനിൽനിന്ന് ഡൽഹിയിലേക്കു മാത്രമാണ് നിലവിൽ സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഡൽഹി സർവിസ് നടത്തുന്നത്.