തിരുവനന്തപുരം: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളിയതിൽ പ്രതികരിച്ച് പോപുലർ ഫ്രണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർത്ഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

വിദ്യാർത്ഥിനികൾ നൽകിയ ഹരജികൾ കർണാടക ഹൈക്കോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കർണാടക ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിർവഹണ സംവിധാനങ്ങളിലും ജനങ്ങൾക്ക് ഉള്ള വിശ്വാസത്തെ തകർക്കാൻ ഈ വിധി കാരണമാവും.

അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളിൽ പോലും കൈ കടത്തി അവരുടെ ചിഹ്നങ്ങളേയും സംസ്‌കാരത്തേയും ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളിൽ നിന്നുണ്ടാവുന്നത്.

ഈ വിധി രാജ്യത്തെ അത്യന്തികമായി അരക്ഷിതാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുക. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ മേൽക്കോടതി ഈ വിധി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. യൂണിഫോമിൽ നിബന്ധനകൾ നിർദേശിച്ച കർണാടക സർക്കാർ ഉത്തരവ് നിലനിൽക്കും. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. 11 ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്.