കോഴിക്കോട്: വഖഫ് നിയമനങ്ങൾ പി.എസ്.സി.ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു.

വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ചില മത സംഘടനകൾ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് സാവധാനത്തിൽ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.