മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട മലപ്പുറം വളാഞ്ചേരിയിൽ. തിരുപ്പൂരിൽ നിന്നും വേങ്ങരയിലേക്ക് ബൊലേറോയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത നാല് കോടി നാൽപ്പത് ലക്ഷം രൂപ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിന്റെ നേത്യത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.

സംഭവത്തിൽ വേങ്ങര സ്വദേശി പാലേരി ഹംസ (48), കൊളപ്പുറം സ്വദേശി ചെള്ള പറമ്പിൽ ഫഹദ് (32) എന്നിവർ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ 9.45 ന് പട്ടാമ്പി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് അമിത വേഗതയിൽ വന്ന ബൊലേറോ വാനിൽ പണം കണ്ടെത്തിയത്. വാഹനത്തിന്റെ പിറകിലും അടിയിലുമായി 3രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

പ്രതി ഹംസ തിരുപ്പൂരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തി വരികയാണ്. ഇതോടെ ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ 9 കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടിയതായി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ ജിനേഷ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു.

സമാന രീതയിൽ കഴിഞ്ഞ ആഴ്ച രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണവുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായിരുന്നു. സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടി എൺപത് ലക്ഷത്തി അമ്പതിനായിരം (1,80,50000 )രൂപയാണ് വളാഞ്ചേരി- പട്ടാമ്പി റോഡിൽ വളാഞ്ചേരി പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടിയത്.

പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനേയും എൻഫോഴ്സ്മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷ്, സി.പി.ഒ മാരായ വിനീത്, ആൻസൺ, വിവേക് എന്നിവരുമുണ്ടായിരുന്നു.