മലപ്പുറം: നിലമ്പൂർ ചാലിയാർ പുഴയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂർ ഇൻസ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

വടപുറത്ത് താമസിക്കുന്ന മൈസൂർ സ്വദേശി മുബാറക് എന്ന ബാബു (50) വിന്റെ മൃതദേഹമാണ് ഈ മാസം 11ന് രാവിലെ പത്തുമണിയോടെ നിലമ്പൂർ ടൗണിനു സമീപം ചാലിയാർ പുഴയുടെ വീരാഡൂർ കൂളിക്കടവിൽ നിന്നും കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. 10ന് രാവിലെ ബീവറേജസിൽ നിന്ന് മദ്യവും വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോറിക്ഷയിൽ പുഴക്കരയിലെത്തി. ഒന്നിച്ചിരുന്ന് മദ്യം കഴിച്ച ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മജീഷ് ഒരു വടിയെടുത്ത് മുബാറകിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയിൽ തള്ളി.

പഴക്കമുള്ള മൃതദേഹം തുടക്കത്തിൽ ആരുടേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണപ്പെട്ടത് പഴയ സാധനങ്ങൾ പെറുക്കി നടക്കുന്ന വടപുറം സ്വദേശി മുബാറക് എന്ന ബാബു ആണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.

എന്നാൽ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ അലഞ്ഞു തിരിഞ്ഞും പഴയ സാധനങ്ങൾ പെറുക്കി വിറ്റും, പുഴയോരങ്ങളിലും പീടിക വരാന്തകളിലും മറ്റും നാടോടി സ്ത്രീകളുമൊന്നിച്ച് ജീവിച്ചു വരികയായിരുന്നു മുബാറക്ക്.

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിൽ കൊലപാത സാധ്യത ഫോറൻസിക് ഡോക്ടർ അനന്ത് പൊലീസിനെ അറിയിച്ചതോടെ പൊലീസ് അന്വേഷണം തുടർന്നു. പൊലീസ് മുബാറക്കിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണമാരംഭിച്ചത്.

പുഴയോരത്തുനിന്നും എടക്കര പൊലീസിൽ നൽകിയ ഒരു പരാതിയുടെ രസീത് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ പിടികൂടിയത്.

നിലമ്പൂർ ഡിവൈഎസ്‌പി പി സാജു കെ എബ്രഹാമിനെ മേൽനോട്ടത്തിൽ നടന്ന അനേഷണത്തിൽ നിലമ്പൂർ സി ഐ പി വിഷ്ണു എസ് ഐ നവീൻ ഷാജു പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ അസൈനാർ, എൻ.പി സുനിൽ കെ.ടിആഷിഫ് അലി , പ്രിൻസ്, അഭിലാഷ്, നിബിൻദാസ് , ജിയോജേക്കബ് എന്നിവരുമുണ്ടായിരുന്നു.