കീവ്: റഷ്യ - യുക്രൈൻ യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവർത്തകൻ വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടു. കീവിൽ റഷ്യൻ ആക്രമണത്തിൽ അമേരിക്കൻ ടിവി ചാനലായ ഫോക്‌സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയർ സക്‌റ്‌ഷെവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ബെഞ്ചാമിൻ ഹാളിനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

കീവിന് വെളിയിൽ ഹൊറെൻകയിൽ വച്ചാണ് യാത്രയ്ക്കിടെ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്‌പ്പ് ഉണ്ടാവുകയായിരുന്നു. ഹാൾ ഇപ്പോൾ യുക്രൈൻ ആശുപത്രിയിൽ ചികിൽസയിലാണ്. 

സക്‌റ്‌ഷെവ്‌സ്‌കി വെടിവയ്‌പ്പിൽ മരണപ്പെടുകയും, ബെഞ്ചമിൻ ഹാളിന് പരിക്ക് പറ്റുകയും ചെയ്യുകയും ചെയ്തതായി ഫോക്‌സ് ന്യൂസ് മീഡിയ സിഇഒ സൂസൻ സ്‌കോട്ടിന്റെ പത്രകുറിപ്പ് ഉദ്ധരിച്ച് വാർത്ത ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പ്രധാന യുദ്ധമേഖലകളിൽ എല്ലാം ഫോക്‌സ് ന്യൂസിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട് വീഡിയോ ജേർണലിസ്റ്റ് പിയർ സക്‌റ്‌ഷെവ്‌സ്‌കി. അദ്ദേഹത്തിന്റെ ജേർണലിസ്റ്റ് എന്ന നിലയിലെ ഊർജ്ജസ്വലതയും കഴിവും ഒരിക്കലും നികത്താൻ കഴിയാത്തതാണ് ഫോക്‌സ് ന്യൂസ് മീഡിയോ സിഇഒ ഇറക്കിയ അനുസ്മരണ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതൽ പിയർ സക്‌റ്‌ഷെവ്‌സ്‌കി ഫോക്‌സ് ന്യൂസിനായി യുക്രൈനിൽ പ്രവർത്തിക്കുന്നുണ്ട്. ഫോക്‌സ് ന്യൂസ് കറസ്‌പോണ്ടന്റ് ടെറി യെൻഗിസ്റ്റ് പിയർ സക്‌റ്‌ഷെവ്‌സ്‌കിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 'എന്താണ് പറയേണ്ടത് എന്ന് അറിയില്ല, അദ്ദേഹം ധീരനായിരുന്നു, നിസ്വാർത്ഥനായിരുന്നു, ഊർജ്ജസ്വലനായിരുന്നു, ശരിക്കും അദ്ദേഹത്തിന് സംഭവിച്ചതിൽ സങ്കടമുണ്ട് - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എന്ത് നല്ല മനുഷ്യനായിരുന്നു, എന്ത് നല്ല സുഹൃത്തായിരുന്നു.ഒപ്പം എന്ത് നല്ല ഫോട്ടോഗ്രാഫറായിരുന്നു. ഫോക്‌സ് ജേർണലിസ്റ്റായ ജെന്നിഫർ ഗ്രിഫിൽ പിയർ സക്‌റ്‌ഷെവ്‌സ്‌കിയെ ട്വിറ്ററിൽ ഓർമ്മിച്ചു.

ഒരാഴ്ചയ്ക്കിടെ യുക്രൈനിൽ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് പിയർ സക്‌റ്‌ഷെവ്‌സ്‌കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാൻസ് അമേരിക്കൻ ജേർണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു. ഇയാൾ ന്യൂയോർക്ക് ടൈംസിൽ വാർത്തകൾ ചെയ്യുമായിരുന്നെങ്കിലും, യുക്രൈനിൽ യുദ്ധവുമായി ബന്ധപ്പെട്ട ജോലികൾ നിയോഗിക്കപ്പെട്ടിരുന്നില്ല. ഡാനിയലോ ഷെവലപ്പോവിന് അദരാഞ്ജലി അർപ്പിച്ച് ന്യൂയോർക്ക് ടൈംസ് ട്വീറ്റ് ചെയ്തിരുന്നു.