പെർത്തിൽ കാറിനുള്ളിൽ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പൊലീസ്.പെർത്ത് നഗരത്തിന് സമീപമുള്ള കൂജിയിലെ ജോൺ ഗ്രഹാം റിസർവിലായിരുന്നു സംഭവം.തിങ്കളാഴ്ച ഉച്ചയോടെ, നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഓസ്ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൂഗീയിൽ ജോൺ ഗ്രഹാം. ഇവിടുത്തെ റിസർവിലെ പാർക്കിങ്ങിലാണ് ഹോണ്ട ജാസ് കാർ കത്തിയ നിലയിൽ കണ്ടത്. രക്ഷാപ്രവർത്തകർ എത്തി തീ അണച്ചപ്പോഴേക്കും 40 വയസുള്ള സ്ത്രീയും 10 വയസിൽ താഴെയുള്ള രണ്ട് കുട്ടികളും പിൻസീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് അമേരിക്കയിലേക്കുള്ള യാത്രാമധ്യേയായിരുന്നു. ദോഹ എയർപോർട്ടിൽ വെച്ച് വിവരം അറിഞ്ഞതിനെതുടർന്ന് യാത്ര റദ്ദാക്കി പെർത്തിൽ തിരിച്ചെത്തി.കുടുംബം അഞ്ച് വർഷമായി പെർത്തിനു സമീപമുള്ള കൂഗീയിലാണു താമസിക്കുന്നത്. സ്ത്രീ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സാണ്. ഭർത്താവും ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ്. എട്ടു വയസുള്ള ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയുമാണ് ഇവർക്കുള്ളത്.

ആത്മഹത്യ എന്ന നിലയിലാണ് അന്വേഷിക്കുന്നതെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലസ് അറിയിച്ചിട്ടുണ്ട്.കാർ കത്തുന്നതിനു തൊട്ടുമുമ്പ് വെടിയുതിർക്കുന്നതു പോലുള്ള ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഈ സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. കാറിൽ തീ ആളിക്കത്തിയതിനെതുടർന്നുണ്ടായ പൊട്ടിത്തെറിയാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെ കാനിങ് വെയ്‌ലിലാണ് അമ്മയെയും കുട്ടികളെയും അവസാനമായി കണ്ടത്. യുവതിയെ സുഹൃത്തുക്കൾക്കൊപ്പം കണ്ടതായാണ് പൊലീസിനു കിട്ടിയ വിവരം.