ന്യൂഡൽഹി: ബിജെപി അധികാരം നിലനിർത്തിയ ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാർ തുടർന്നേക്കുമെന്ന് സൂചന. വികസന തുടർച്ചയ്ക്കായി ഗോവയിൽ പ്രമോദ് സാവന്തും മണിപ്പൂരിൽ ബിരേൻ സിങ്ങും രണ്ടാം വട്ടവും മുഖ്യമന്ത്രിമാരാകുമെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിവരം.

ഇരുനേതാക്കളും ഇന്ന് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി കേന്ദ്രനേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പ്രമോദ് സാവന്തുമായുള്ള ചർച്ചയ്ക്ക് പിന്നാലെ, ഗോവയിൽ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളോട് ബിജെപി കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഗോവയുടെ വികസനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും പ്രമോദ് സാവന്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ ബിരേൻ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ടും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

40 അംഗ ഗോവ നിയമസഭയിൽ 20 സീറ്റാണ് ബിജെപി നേടിയത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും പ്രാദേശിക പാർട്ടിയായ എംജിപിയുടെ രണ്ട് അംഗങ്ങളും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയും ബിജെപി നേതാവുമായ വിശ്വജിത് റാണെയും മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു.

മണിപ്പൂരിൽ 60 അംഗ നിയമസഭയിൽ 32 സീറ്റ് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. ആരുടേയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരിക്കാനാകും. മണിപ്പൂരിൽ ബിശ്വജിത് സിങ്ങും മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഹോളിക്ക് ശേഷം ഇരുമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.