- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമാഫിയ ചതിച്ചു; മൂന്നാർ സിപിഐ ലോക്കൽ കമ്മിറ്റി അംഗം വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ; മുൻ എം എൽ എ എസ് രാജേന്ദ്രനും ഭീഷണിപ്പെടുത്തി എന്ന് പരാതി
മൂന്നാർ : സിപിഐ ലോക്കൽ കമ്മിറ്റി അംഗം വിഷം ഉള്ളിൽച്ചെന്ന് അവശ നിലയിൽ. ആനവിരട്ടി വില്ലേജിൽ ലക്ഷ്മി കോളനിയിൽ താമസിക്കുന്ന എൻ.രാജേന്ദ്രനാണ് മൂന്നു ദിവസമായി മൂന്നാർ ടാറ്റ ടീ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നത്. ഭൂമാഫിയയുടെ ചതി പ്രയോഗത്തിന്റെ ഇരയായ രാജേന്ദ്രൻ മാനസിക വിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കൾ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
ഇതുമായി ബന്ധപ്പെട്ടു രാജേന്ദ്രന്റെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ വിവരം ധരിപ്പിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ ഭാര്യ കന്നിയമ്മ വെള്ളത്തൂവൽ സർക്കിൾ ഇൻസ്‌പെക്ടറുടെ പേരിൽ എഴുതിയ പരാതിയുടെ കോപ്പി മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. ഭൂമാഫിയയുടെ സ്വാധീനമാണ് പൊലീസും കയ്യൊഴിയാൻ കാരണമെന്നാണ് സംശയം ഉയർന്നിട്ടുള്ളത്. രാജേന്ദ്രൻ സി .പി .ഐ .ലോക്കൽ കമ്മിറ്റി അംഗവും എ .ഐ .ടി യു .സി .മുൻ നേതാവും ആണ്.
കന്നിയമ്മയുടെ പരാതി ഇപ്രകാരമാണ്:
2020 ൽ മന്നാംകണ്ടം വില്ലേജിൽ അടിമാലി കല്ലുവെട്ടുകുഴിയിൽ അബ്ദുൽ സലാം,ദേവികുളം മുൻ എം .എൽ .എ .എസ്.രാജേന്ദ്രൻ ,സി .പി .ഐ .അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ എന്നിവരുടെ നിർദ്ദേശ പ്രകാരം ലക്ഷ്മി പുളിമൂട്ടിൽ എസ്റ്റേറ്റ് ഭാഗത്തു ഉദ്ദേശം 35 ഏക്കറോളം ഭൂമി കാട് വെട്ടുന്നതിനു കരാർ എടുത്തിരുന്നു. ഒരേക്കറിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ജോലി ഏറ്റെടുത്തത്. വീട്ടുകാരും പണിക്കാരെ കൂട്ടിയും കാട് പൂർണ്ണമായും വെട്ടി നൽകി.
കരാർ പ്രകാരം പറഞ്ഞിരുന്ന പത്തര ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് അതിനു പകരമായി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഭൂമി എഴുതി നൽകാമെന്ന വ്യവസ്ഥയിൽ കരാർ എഴുതിയിരുന്നു. പിന്നീടാണ് ഈ മൂന്നേക്കറും ഉൾപ്പടെ 35 ഏക്കറും, മറ്റൊരാൾക്ക് പാട്ടത്തിനായും അബ്ദുൽ സലാം എഴുതി നൽകിയ ഭൂമിയും സർക്കാർ വകയാണെന്നു അറിയുന്നത്.
ഇതേ തുടർന്ന് സ്ഥലം വേണ്ടെന്നും കൂലിയായി പറഞ്ഞിരുന്ന പത്തരലക്ഷം രൂപ വേണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. പിന്നീട് ഇതിന്റെ പേരിൽ അബ്ദുൽ സലാം, രാജേന്ദ്രനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, മുൻ എം .എൽ .എ .എസ് .രാജേന്ദ്രൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ, മാനസികമായി തകരുകയും കട ബാധ്യത ഉണ്ടാവുകയും വിഷം കഴിക്കുകയുമായിരുന്നു.തുടർന്ന് ടാറ്റ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സി .പി .ഐ .പള്ളിവാസൽ ലോക്കൽ സെക്രട്ടറി ആയ വി .എസ് .പ്രകാശിന് അറിയാമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട് . ഈ പരാതിയാണ് ലഭിച്ചിട്ടില്ലെന്ന് വെള്ളത്തൂവൽ പൊലീസ് പറയുന്നത് .ഇതേക്കുറിച്ചു ജില്ലാ പൊലീസ് ചീഫ് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് .
മറുനാടന് മലയാളി ലേഖകന്.