മനാമ:ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനു ജെക്ഷിൽ സെൽവകുമാറിനു കലാംസ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചു. പാഴ് വസ്തുക്കളുപയോഗിച്ച് ഏറ്റവും കൂടുതൽ കരകൗശല വസ്തുക്കൾ നിർമ്മിച്ചതിനാണ് കലാംസ് വേൾഡ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് ലഭിച്ചത്. കലാംസ് വേൾഡ് റെക്കോർഡ്‌സ് 2018 മുതൽ അതുല്യ പ്രതിഭകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണു ഇന്ത്യ ആസ്ഥാനമായ കലാംസ് വേൾഡ് റെക്കോർഡ്‌സിൽ അനുവിന്റെ നേട്ടം രേഖപ്പെടുത്തിയത്.

നേരത്തെ പാഴ് വസ്തുക്കള് ഉപയോഗിച്ചുള്ള കരകൗശല സൃഷ്ടിയുടെ പേരില് അനു ജെക്ഷില് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പാഴ് വസ്തുക്കള് ഉപയോഗിച്ച് പൂച്ചട്ടികൾ,പൂക്കൾ തുടങ്ങി 58 അലങ്കാര വസ്തുക്കൾ അനു നിർമ്മിച്ചിരുന്നു. ബഹ്റൈനിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സെൽവ കുമാറിന്റെയും ശുഭ റാണിയുടെയും മകളാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളതാണ് കുടുംബം. 2015ൽ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന അനു പഠന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.